പൊൻമുടിയുടെ വികസനത്തിനായി സമഗ്ര പദ്ധതി; ട്രക്കിംഗിനും മൗണ്ടെയ്ൻ ബൈക്കിംഗിനും സൗകര്യം ഒരുക്കും; സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. ട്രക്കിംഗ്, മൗണ്ടെയ്ൻ ബൈക്കിംഗ് അടക്കമുളള സാഹസിക വിനോദങ്ങൾക്ക് കൂടി അവസരം ഒരുക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ തീരുമാനം. പൊന്മുടിയിൽ റോപ് വേ ഉണ്ടാക്കണമെന്ന നിർദേശവും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്. ഒപ്പം നിലവിലെ പൊന്മുടിയിലെ ദുരവസ്ഥയ്ക്കും പരിഹാരമുണ്ടാക്കും.

വനം വകുപ്പും വിനോദസഞ്ചാര വകുപ്പും തമ്മിലുള്ള ശീതസമരമാണ് പൊന്മുടിക്ക് എന്നും ശാപമായിരുന്നത്. ബജറ്റിൽ വകയിരുത്തപ്പെട്ട പണം പോലും തർക്കം മൂലം ചെലവഴിക്കാൻ കഴിയുമായിരുന്നില്ല. ഇതിന് പ്രതിവിധി തേടിയാണ് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ, വനംവകുപ്പ് മന്ത്രി കെ.രാജു എന്നിവർ പൊന്മുടിയിൽ എത്തിയത്. ഒരു ദിവസം പൂർണ്ണമായും ചെലവഴിക്കാനുള്ള വിനോദമാർഗങ്ങൾ ഒന്നുമില്ലെന്നുള്ള അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. അഡ്വഞ്ചർ ടൂറിസത്തിന് വിപുലമായ സാധ്യതയാണ് പൊന്മുടിയിൽ ഉള്ളതെന്ന് മന്ത്രിമാർ വിലയിരുത്തി.

വനനിയമങ്ങൾ പാലിച്ചുകൊണ്ടും പ്രകൃതി സൗഹൃദ രീതിയിൽ പദ്ധതികൾ പൊന്മുടിയിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വാച്ച് ടവർ പുനരുദ്ധാരണത്തിനുള്ള പണം ടൂറിസം വകുപ്പ് വനം വകുപ്പിന് നൽകും. കുട്ടികൾക്കായി നവീന രീതിയിലുള്ള പാർക്കുമുണ്ടാക്കും. ഡിടിപിസിയുമായി ചേർന്ന് മൗണ്ടൻ ക്ലിമ്പിംഗ് ,മൗണ്ടൻ ബൈക്കിംഗ് ,കല്ലാറിൽ നിന്നും പൊന്മുടിയിലേക്ക് ട്രക്കിംഗ് നടത്തുന്നതിന് ടെന്റ് സൗകര്യം എന്നിവ ഒരുക്കും. കല്ലാർ, മങ്കയം വെള്ളച്ചാട്ടം, ബ്രൈമൂർ, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള സമഗ്ര വിനോദസഞ്ചാര പദ്ധതി പൊന്മുടി കേന്ദ്രമാക്കി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

നിലവിൽ മന്ദഗതിയിലായ പുതിയ ഗസ്റ്റ് ഹൗസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് ഉടൻ ഭരണാനുമതി ലഭ്യമാക്കും. ഡി.കെ മുരളി എംഎൽഎയെ ചെയർമാനാക്കി പൊന്മുടി ടൂറിസം ഡസ്റ്റിനേഷൻ കമ്മിറ്റി ഉടൻ നിലവിൽ വരും. പൊന്മുടിയിൽ റോപ് വേ ഉണ്ടാക്കണമെന്ന നിർദേശവും വിനോദസഞ്ചാര വകുപ്പ് പരിഗണിക്കുന്നുണ്ട്. പൊൻമുടിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വികസനമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here