മണിപ്പൂരിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു ക്ഷണം; മാർച്ച് 18നകം ഭൂരിപക്ഷം തെളിയിക്കണം; ഗോവയിൽ നാളെ മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യണം

ദില്ലി: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ. കേവല ഭൂരിപക്ഷമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തള്ളിക്കളഞ്ഞാണ് ഗവർണർ നെജ്മ ഹെപ്തുള്ള കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ ഈമാസം 18 വരെ സമയം അനുവദിച്ചിട്ടുണ്ട്. 31 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം, ഗോവയിൽ മനോഹർ പരീക്കർ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണം.

60 അംഗ നിയമസഭയിൽ 28 സീറ്റുകളാണ് കോൺഗ്രസ് നേടിയിട്ടുള്ളത്. ബിജെപിക്ക് 21 സീറ്റുകളാണ് ഉള്ളത്. ഭരണഘടനാപരമായി കൂടുതൽ സീറ്റുള്ള കക്ഷിയെ ആദ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കണമെന്ന തത്വം പാലിച്ചാണ് ഗവർണർ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഇതിൽ രണ്ടു സ്വതന്ത്രർ ഉൾപ്പെടെ മറ്റുള്ള 11 പേരുടേയും പിന്തുണ ഉറപ്പാക്കിയതായി ബിജെപി അവകാശപ്പെടുന്നു. അതേസമയം കേവല ഭൂരിപക്ഷത്തിന് വെറും മൂന്ന് സീറ്റുകൾ മാത്രം മതിയെന്നിരിക്കെ കോൺഗ്രസ് വരും ദിവസങ്ങളിൽ ബിജെപിയുടെ പാളയത്ത് നിന്നും എംഎൽഎമാരെ തിരിച്ചു പിടിക്കുമോ എന്നാണ് അറിയേണ്ടത്.

32 എംഎൽഎമാരുടെ പട്ടികയാണ് ബിജെപി കേവല ഭൂരിപക്ഷം ഉണ്ടെന്നു അവകാശപ്പെട്ട് ഗവർണർക്ക് കൈമാറിയിരുന്നത്. എന്നാൽ ജയിച്ച രണ്ടു സ്വതന്ത്രന്മാരെ തട്ടിക്കൊണ്ടു പോയാണ് ബിജെപി ഈ പട്ടിക തയ്യാറാക്കിയതെന്നാണ് കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്. ബംഗാളിൽ ബിജെപിയുടെ ശക്തരായ എതിരാളിയായി മാറിയിരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഏക എംഎൽഎയും ബിജെപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്്.

അതേസമയം, ഗോവ മുഖ്യന്ത്രിയായി മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ നാളെ സത്യപ്രതിഞ്ജ ചെയ്തു അധികാരമേൽക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ വൈകരുതെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെ തുടർന്നാണ് വേഗത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.

ഗോവയിൽ പരീക്കറെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുടെയും ഗോവ ഫോർവേഡ് പാർടിയുടെയും സ്വതന്ത്രരുടെയും പിന്തുണ നേടി സർക്കാർ ഉണ്ടാക്കാനാണ് ബിജെപി കരു നീക്കിയത്. ഭൂരിപക്ഷം അവകാശപെട്ട് ഗവർണറെ കണ്ട ബിജെപി നേതൃത്വത്തെ ഗവർണർ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് ഈ തീരുമാനത്തെ എതിർത്തിട്ടുണ്ട്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെയാണ് ആദ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കേണ്ടതെന്ന് കോൺഗ്രസ് ഗോവ നേതൃത്വം ആരോപിച്ചു. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ ഉൾപ്പെടെ 14 സീറ്റുകളുള്ള ബിജെപിക്ക് സർക്കാരുണ്ടാക്കാൻ ഏഴ് എംഎൽഎമാർപിന്തുണയ്ക്കണം. 17 സീറ്റുകളാണ് കോൺഗ്രസിനുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here