‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെ വിട്ടില്ല’; മറ്റേ കൈ കൂടി ഞങ്ങളെടുക്കുകയാണെന്നു പറഞ്ഞു; എംജി സർവകലാശാലയിൽ യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു പറയുന്നു

കോട്ടയം: ‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. ‘അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ” എന്നു പറഞ്ഞാണ് അവർ വെട്ടിയത്. എംജി സർവകലാശാല കവാടത്തിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു സദാനന്ദൻ പറയുകയാണ്. അന്നത്തെ സംഭവം ഓർക്കുമ്പോൾ സച്ചുവിനു ഇപ്പോഴും നടുക്കം മാറിയിട്ടില്ല. നടുക്കത്തിനൊപ്പം പരീക്ഷ എഴുതാനാവില്ലെന്ന സങ്കടവും പഠിക്കാൻ മിടുക്കനായ സച്ചുവിനെ അലട്ടുന്നു. ദളിതനായിട്ടും ഭിന്നശേഷിക്കാരനായിട്ടും സച്ചുവിനെ ആക്രമിച്ചതിനെതിരെ ഒരു ദളിത് സംഘടനയോ മനുഷ്യാവകാശ സംഘടനയോ പ്രതികരിച്ചിട്ടുമില്ല.

‘എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എം അരുണായിരുന്നു അവരുടെ ലക്ഷ്യം. കാറിലെത്തിയ അരുണിനെ വെട്ടുന്നത് കണ്ടാണ് ഓടിച്ചെന്നത്. തടയാൻ ശ്രമിച്ചപ്പോൾ എന്നേയും ആക്രമിച്ചു’-സച്ചു പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പത്തു സെന്റീമീറ്റർ നീളത്തിലാണ് മുറിവ്. എല്ലു മുറിഞ്ഞതിനാൽ ദീർഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു. തിങ്കളാഴ്ച ഇന്റേണൽ പരീക്ഷയുണ്ട്. അത് എഴുതാനാവില്ല. മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റർ പരീക്ഷയും നഷ്ടമാകുന്ന സ്ഥിതിയാണ്. ‘നിർധന കുടുംബത്തിന്റെ ആശ്രയമാണ് അവർ അരിഞ്ഞെടുക്കാൻ ശ്രമിച്ചത്”. ഒപ്പമുള്ള അമ്മ ശ്രീലതയുടെ വാക്കുകളിൽ നിരാശയും നൊമ്പരവും.

മാവേലിക്കര കണ്ടിയൂർ സച്ചു നിവാസിൽ സദാനന്ദന്റെ മകനാണ് സച്ചു. നാലു സെന്റിലെ രണ്ടുമുറി വീടോ ജന്മനായുള്ള അംഗ പരിമിതിയോ അവനെ പഠനത്തിൽ തളർത്തിയില്ല. അവനും അനുജൻ സിത്തുവും നന്നായി പഠിച്ചു. എം ജി സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ പിജി കഴിഞ്ഞാണ് ഇപ്പോൾ അവിടെ ബിഎൽഐസിക്ക് ചേർന്നത്. അനുജൻ പുന്നപ്ര സഹകരണ കോളേജിൽ എൻജിനിയറിങ് വിദ്യാർഥിയാണ്.

എല്ലാവിധ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും നേരിട്ടാണ് കുടുംബം കഴിയുന്നത്. ചെറിയ പച്ചക്കറിക്കട നടത്തിയിരുന്നു. എട്ടുമാസം മുമ്പ് അച്ഛന് വാഹനാപകടത്തിൽ പരുക്കു പറ്റി. കാലൊടിഞ്ഞ് കിടപ്പിലായതോടെ അമ്മ ശ്രീലതയായി കടയിൽ. സച്ചുവും സഹായത്തിനെത്തുമായിരുന്നു. അപ്പോഴാണ് സച്ചുവിനെ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചത്. അമ്മ സച്ചുവിനൊപ്പം ആശുപത്രിയിലായതിനാൽ കട തുറക്കാനായില്ല. കടയിലുള്ള സാധനങ്ങൾ ചീഞ്ഞുപോയി. ഇനി കച്ചവടം പഴയപടിയാകാൻ പ്രയാസമാണ് ഇരുവരും പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് എസ്എഫ്‌ഐ ജില്ലാപ്രസിഡന്റ് കെ എം അരുണിനെയും സച്ചുവിനെയും കെഎസ്യു, യൂത്ത് കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിയത്. നാലു വാടകഗുണ്ടകൾ കേസിൽ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഈ കൊടും ക്രിമിനലുകളെ വാടകയ്‌ക്കെടുത്ത യൂത്തുകോൺഗ്രസുകാരെയും കെഎസ്യുക്കാരെയും സംരക്ഷിക്കുന്ന നിലപാടിലാണ് ജില്ലാ, സംസ്ഥാന കോൺഗ്രസ് നേതൃത്വം. അവർക്കൊപ്പമാണ് ചില മാധ്യമങ്ങളും. വെട്ടേറ്റ വിദ്യാർഥി അംഗപരിമിതനാണെന്നറിഞ്ഞിട്ടും ആ ക്രൂരതക്കെതിരെ പ്രതികരിക്കാൻ ഒരു മനുഷ്യവകാശ പ്രവർത്തകരോ ദളിത് സ്‌നേഹിയോ രംഗത്തെത്തിയിട്ടില്ല.

കോട്ടയം കെ.ഇ കോളജിൽ നടന്ന സംഘർഷത്തിനു പകരമായാണ് എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയത്. എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അരുൺ, എംജി സർവകലാശാല യൂണിറ്റ് അംഗം സച്ചു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്. എസ്എഫ്‌ഐക്കു സ്വാധീനമുള്ള കെ.ഇ കോളജിലെ കോളജ് ദിനാഘോഷം തടയുമെന്നു യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാംപസിനകത്തു കയറി പ്രകടനം നടത്തുകയും പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുകയും ചെയ്തത്.

പുറത്തുനിന്നുള്ളവർ ക്യാംപസിൽ കയറിയതിനെ ക്യാംപസിലെ എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിനിടയാക്കി. ഇതിൽ ഒരു എസ്എഫ്‌ഐ പ്രവർത്തകനു പരുക്കേറ്റിരുന്നു. സംഘർഷത്തിൽ പരുക്കേറ്റെന്നു കാണിച്ച് ജിം അലക്‌സും ആശുപത്രിയിൽ അഡ്മിറ്റായി. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നു ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കു മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കളും സമീപത്തെ അറിയപ്പെടുന്ന ഗുണ്ടകളുമായ അരുൺ ഗോപൻ, സിബി, ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ക്യാംപസിനകത്തും കയറി ഭീഷണി മുഴക്കാൻ തുടങ്ങി. എസ്എഫ്‌ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ സംഘർഷം പുറത്തേക്കും വ്യാപിച്ചു. ഇതിലാണ് അരുണിനും സച്ചുവിനും വെട്ടേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News