മലപ്പുറം ഉപതെരഞ്ഞെടുപ്പ്; കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിനെതിരെ ലീഗിൽ പടയൊരുക്കം; സ്ഥാനാർത്ഥിത്വത്തിനു അവകാശവാദവുമായി സമദാനി; ഇ.ടിക്കും മുനീറിനും കടുത്ത എതിർപ്പ്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിനെതിരെ മുസ്ലിംലീഗിൽ പടയൊരുക്കം. കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ എതിർപ്പുന്നയിച്ചു. ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, കെ.എൻ.എ ഖാദർ, എം.കെ മുനീർ തുടങ്ങിയവരാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ പാർട്ടിക്കുള്ളിൽ എതിർത്ത് രംഗത്തെത്തിയത്. ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യാതെ തീരുമാനം എടുക്കരുതെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം കൂടുതൽ ചർച്ചചെയ്യാതെ തീരുമാനമെടുക്കരുതെന്ന് നേതാക്കൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥിത്വം തനിക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്നെ ഇബ്രാഹിം സുലൈമാൻ സേഠിന്റെ മകൻ സിറാജ് സേഠിനു നൽകണമെന്നാണ് ഇ.ടി മുഹമ്മദ് ബഷീറും എം.കെ മുനീറും ആവശ്യപ്പെടുന്നത്.

ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്നാണ് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അതിനു തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മലപ്പുറത്ത് മത്സരിക്കുന്നതിൽ താൽപര്യം പരോക്ഷമായി പ്രകടിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നതിൽ തനിക്ക് താൽപര്യക്കുറവ് ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാൽ, വൈകാതെ തന്നെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ ലീഗിൽ എതിർസ്വരങ്ങൾ ഉയർന്നു തുടങ്ങി.

ഇതിനിടയിൽ സ്ഥാനാർത്ഥിത്വ മോഹവുമായി അഹമ്മദിന്റെ മകളും രംഗത്തെത്തിയിരുന്നു. അഹമ്മദിന്റെ മകൾ സ്ഥാനാർത്ഥിയാകുന്നതിനോടും പാർട്ടിയിലെ ഒരു വിഭാഗത്തിനു അനുകൂല നിലപാടാണ്. അതിനിടയിലാണ് പുതിയ ഭിന്നസ്വരങ്ങൾ ഉയർന്നു തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News