കോട്ടയം : എംജി സര്‍വകലാശാല ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ട ഗുണ്ടാ സംഘത്തെ ഒളിവില്‍ പാര്‍പ്പിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിന്റെ വീട്ടില്‍നിന്നാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അമ്മഞ്ചേരി സിബി അടക്കം നാല് ഗുണ്ടകളെയാണ് അറസ്റ്റ് ചെയ്തത്.
അമ്മഞ്ചേരി സിബി എന്നറിയപ്പെടുന്ന അമ്മഞ്ചേരി ഗ്രേസ് കോട്ടേജ് സിബി ജോണ്‍, അമലഗിരി വാളംപ്പറമ്പില്‍ റോഹിന്‍ കുര്യന്‍ (24), അമ്മഞ്ചേരി വെട്ടിക്കുഴി വീട്ടില്‍ ജയ്‌മോന്‍ (36), ആര്‍പ്പൂക്കര കരിപ്പൂത്തട്ട് വേളൂര്‍ 80ല്‍ വീട്ടില്‍ അനീഷ്(33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസില്‍ പ്രതിയാണ് അമ്മഞ്ചേരി സിബി. ഗുണ്ടാആക്ട് പ്രകാരം ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എന്നാല്‍ ഈ കൊടും ക്രിമിനലുകളെ വാടകക്കെടുത്ത യൂത്ത് കോണ്‍ഗ്രസുകാരെയും കെഎസ്‌യുക്കാരെയും സംരക്ഷിക്കുന്ന നിലപാടിലാണ് ജില്ലാ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. കേസില്‍ പ്രതിയായതോടെ അറസ്റ്റിലാകാതിരിക്കാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യൂത്ത് നേതാവിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ടനിരയാണ് എത്തുന്നത്.

എസ്എഫ്ഐ നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി കോണ്‍ഗ്രസ് നേതാവും ആര്‍പ്പൂക്കര പഞ്ചായത്തു പ്രസിഡന്റുമായ ആനന്ദ് പഞ്ഞിക്കാരനൊപ്പം
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതിരമ്പുഴയില്‍ മാണി ഗ്രൂപ്പുകാരനായ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിച്ച ഇയാളെ കോണ്‍ഗ്രസ് അന്നും സംരക്ഷിച്ചു. ഗുണ്ടാസംഘവുമായുള്ള ബന്ധം വ്യക്തമായിട്ടും ജിമ്മിനെ ന്യായീകരിക്കുകയാണ് ഡിസിസി നേതൃത്വം. ഇയാളുടെ പണസ്വാധീനത്തിന് നേതൃത്വം വഴങ്ങുന്നതില്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.
ഒരുകാലത്ത് വലതുപക്ഷ രാഷ്ട്രീയത്തിന് മേധാവിത്വമുണ്ടായിരുന്ന ജില്ലയിലെ ക്യാമ്പസുകള്‍ ഇന്ന് എസ്എഫ്‌ഐക്കൊപ്പമാണ്. മാന്നാനം കെഇ, പാലാ സെന്റ് തോമസ് കോളേജുകളിലടക്കം കെഎസ്‌യുവിനെ വിദ്യാര്‍ഥികള്‍ പുറന്തള്ളി. വിദ്യാര്‍ഥി പക്ഷത്ത് നില്‍ക്കുന്ന എസ്എഫ്‌ഐയെ കായികമായി ആക്രമിച്ച് തളര്‍ത്തുകയാണ് കെഎസ്‌യുവിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കൊലക്കേസുകളിലടക്കം പ്രതിയായ കൊടും ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി എസ്എഫ്‌ഐ നേതാക്കളെ വകവരുത്താനുള്ള ശ്രമം.
സംഘടന ദുര്‍ബലമായതോടെ ക്രിമിനലുകളെയും കഞ്ചാവുസംഘങ്ങളെയും കൂട്ടുപിടിച്ച് ആളെക്കൂട്ടാനുള്ള യൂത്ത് – കെഎസ്‌യു തന്ത്രം മുമ്പും വിവാദമായിട്ടുണ്ട്. ദേവമാതാ കോളേജില്‍ വൈദിക വിദ്യാര്‍ഥിയെ ആക്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ സംഘമായിരുന്നു. ബിബി ഏബ്രഹാം എന്ന വൈദിക വിദ്യാര്‍ഥിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി അരുണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടിന് ഹോസ്റ്റലില്‍ കയറിയാണ് ആക്രമിച്ചത്.
സംഘടനവിട്ട് ജനാധിപത്യ കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന മുരിങ്ങവന മനു മാത്യു(33)വിനെ തൃക്കൊടിത്താനം പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയുമായ നിതിന്‍ ആലുംമൂടനും കഞ്ചാവ് ക്രിമിനല്‍ സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയത് നാടിനെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസ് ഓഫീസിന് മുന്നിലിട്ട് മനുവിനെ ഒമ്പതുതവണ കുത്തിക്കീറുകയായിരുന്നു സംഘം. അഞ്ചുമാസം മുമ്പായിരുന്നു ഈ അരുംകൊല.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് എംജി സര്‍വകലാശാല ക്യാമ്പസ് കവാടത്തില്‍ എസ്എഫ്‌ഐ നേതാക്കളെ കാറില്‍ വടിവാളുമായെത്തി എട്ടംഗ സംഘം ആക്രമിച്ചത്. എസ്എഫ്‌ഐ ജില്ലാപ്രസിഡന്റ് കെഎം അരുണ്‍ (22), യൂണിവേഴ്‌സിറ്റി കാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സച്ചു സദാനന്ദന്‍ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here