ഗോവയില്‍ ബിജെപിയെ പിന്തുണച്ച പ്രാദേശിക പാര്‍ട്ടിയില്‍ പൊട്ടിത്തെറി; ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; തല്‍സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രഭാകര്‍ ടിംബ്ള്‍

പനാജി : ഗോവയില്‍ എംഎല്‍എമാര്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രാദേശിക പാര്‍ട്ടി നേതാവ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ പ്രഭാകര്‍ ടിംബ്ള്‍ ആണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തിയിട്ടും എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് രാജി.

തെരഞ്ഞടുപ്പില്‍ തങ്ങളുടെ പ്രചരണം മുഴുവന്‍ ബിജെപിയ്ക്ക് എതിരായിരുന്നു. എന്നാല്‍ ഭരണം നേടാന്‍ കാത്തിരുന്ന ബിജെപിയെ തങ്ങളുടെ മൂന്ന് എംഎല്‍എമാര്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തീരുമാനം അംഗീകരിക്കാവുന്നതല്ല. ഇനി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അതുകൊണ്ട് ഇനി തനിക്ക് പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കാന്‍ കഴിയില്ലെന്നും പ്രഭാകര്‍ ടിംബ്ള്‍ പറഞ്ഞു.

ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോടാണ് പ്രഭാകര്‍ ടിംബ്ള്‍ രാജിവാര്‍ത്ത സ്ഥിരീകരിച്ചത്. ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുണ്ട്. മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്താണ് ബിജെപി അവരെ കൂടെ നിര്‍ത്തിയത്. ഇതിനെതിരെ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതാണ് സംസ്ഥാന പ്രസിഡന്റിന്റെ രാജിയിലെത്തിച്ചത്.

40 നിയമസഭാ സീറ്റുകളുള്ള ഗോവയില്‍ 17 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെ.പിയ്ക്ക് 13 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി ഭരണം ഉറപ്പിച്ചു. 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ നിയുക്ത മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവകാശപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News