മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്; ക്രോണിനുമായി മിഷേലിന് അടുപ്പമുണ്ടായിരുന്നു; ക്രോണിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

കൊച്ചി : മിഷേലിന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് കൊച്ചി പൊലീസ്. ബന്ധുവായ യുവാവ് ക്രോണിനുമായി മിഷേല്‍ അടുപ്പത്തിലായിരുന്നു. ഇയാളുടെ നിരന്തര സമ്മര്‍ദ്ദം കാരണമാണ് മിഷേല്‍ ആത്മഹത്യ ചെയ്തത് എന്നും പൊലീസ് പറയുന്നു. മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

മിഷേലിന്റെ അകന്ന ബന്ധു കൂടിയാണ് പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി. താനൊരു തീരുമാനമെടുത്തുവെന്ന് മരിക്കുന്നതിന് മുമ്പ് മിഷേല്‍ പറഞ്ഞതായി ക്രോണിന്‍ പൊലീസിന് മൊഴി നല്‍കി. മിഷേലുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ക്രോണിന്‍ മൊഴി നല്‍കി.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ക്രോണിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറരയോടെ മിഷേല്‍ പള്ളിയില്‍ പോയി. തുടര്‍ന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. ക്രോണിന്റെ കോള്‍ ആണ് അവസാനമായി മിഷേലിന്റെ ഫോണിലേക്ക് വന്നത്. മരിച്ച ദിവസം 52 എസ്എംഎസുകള്‍ ഇയാള്‍ മിഷേലിന് അയച്ചു. നാല് കോളുകളും വിളിച്ചതായും പൊലീസ് പറയുന്നു.

ഇലഞ്ഞി പെരിയപുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സിഎ വിദ്യാര്‍ത്ഥിനിയായിരുന്നു. മാര്‍ച്ച് 6ന് വൈകിട്ടാണ് മിഷേലിന്റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തിയത്. തലേദിവസം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് പള്ളിയില്‍ പോകാനായാണ് മിഷേല്‍ ഇറങ്ങിയത്. എന്നാല്‍ പിന്നീട് യുവതിയെ കാണാതായി.

മിഷേലിന്റെ മരണം ആത്മഹത്യ തന്നെ എന്നാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കൃത്യമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News