ചുംബനം ഒരു ആയുധവും ചുംബനസമരം ഒരു സമരമുറയും ആയി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍. പരിഷ്‌കൃത സമൂഹത്തിന്റെ ഉദ്ദേശപരമായ ഒരു പ്രതിഷേധം എന്ന നിലയില്‍ ചുംബന സമരത്തെ അനുകൂലിക്കുന്നവരുണ്ട്. എന്നാല്‍ ആ ലക്ഷ്യം മനസിലാക്കാതെ ചുംബന സമരത്തെ ആഭാസ സമരമായി ചിത്രീകരിക്കുന്നവരും കുറവല്ല.
പട്ടിണികിടന്നും ഘൊരാവൊ ചെയ്തും പണിമുടക്കിയും ഒക്കെ സമരം ചെയ്യാമെങ്കില്‍ ചുംബിച്ചും സമരം ചെയ്യാം. ചുംബനം എന്നത് കിടപ്പിറയില്‍ വെച്ച് മാത്രം ചെയ്യേണ്ടതാണ് എന്ന് ഒരു പീനല്‍ കോഡിലും പറഞ്ഞിട്ടില്ല. അങ്ങനെമാത്രമേ പാടുളളൂ എന്ന ഒരുവിഭാഗം ആളുകളുടെ സദാചാര കപടതയോടുള്ള പ്രതിഷേധമാണ് ചുംബനത്തെ സമരമാര്‍ഗമാക്കിയത്.
നമ്മള്‍ ആര്‍ക്കും അടിമകളല്ല എന്ന ഉറച്ച പ്രഖ്യാപിക്കല്‍ കൂടിയാണ് ചുംബന സമരം. സ്വാതന്ത്ര്യത്തിന് വേണ്ടിയുളള പോരാട്ടമാണത്. ഇഷ്ടമുളളവരെ പ്രണയിക്കാന്‍… അവരവര്‍ക്ക് ഇഷ്ടമുളളയിടത്ത് ഏത് സമയത്തും ഒരുമിച്ച് സഞ്ചരിക്കാന്‍… എതിര്‍ലിംഗത്തില്‍പെട്ടവരുമായി ഒരുമിച്ചിരിക്കാന്‍ ഒക്കെയുളള വ്യക്തി സ്വാതന്ത്ര്യം.
ജന്മം നല്‍കിയ കടപ്പാടോടെ പിതാവിനെ ചുംബിക്കാം. പത്തുമാസം ചുമന്നു മരണ വേദനയോടെ ഈ സുന്ദരമായ ലോകം കാണിച്ചുതന്ന നന്ദിയോടെ അമ്മയെ ചുംബിക്കാം. എന്റെ രക്തവുമാണെന്ന തിരിച്ചറിവോടെ സഹോദരിയെ ചുംബിക്കാം. രക്തബന്ധത്തിന്റെ വാത്സല്യത്തോടെ സഹോദരനെ ചുംബിക്കാം. അവള്‍ക്കു ഞാനല്ലാതെ മറ്റാരും ഇല്ല എന്ന വിശ്വാസത്തോടെ ഭാര്യയെ ചുംബിക്കാം. എനിക്ക് മാത്രം എന്ന അവകാശത്തോടെ ഭര്‍ത്താവിനെ ചുംബിക്കാം. നമ്മുടെ എല്ലാം എല്ലാം ആണെന്ന തിരിച്ചറിവോടെ മക്കളെ ചുംബിക്കാം എന്നതാണ് സമൂഹത്തിന്റെ സാമാന്യ കാഴ്ചപ്പാട്.
ഈ കാഴ്ചക്കപ്പുറം വൈകാരികമായുണ്ടാകുന്ന ബന്ധങ്ങളേയും സാമാന്യ ബന്ധങ്ങളേയും സദാചാര ലംഘനമെന്ന് വീക്ഷിച്ച് ചില സംഘങ്ങള്‍ രംഗത്തെത്തുന്നിടത്താണ് ശരിക്കും സദാചാര ലംഘനം ഉടലെടുക്കുന്നത്. പലപ്പോഴും സാമാന്യ ബന്ധങ്ങളേയും ഹനിക്കുന്ന ദുരന്തമാണ് സദാചാര – ഗുണ്ടാ ഇടപെടലുകള്‍. പൊതുനിരത്തില്‍ ഒന്നിച്ചിരിക്കാനും പ്രണയിക്കാനും ഒക്കെയുളള വ്യക്തികളുടെ സാമൂഹ്യബോധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. എന്നാല്‍ സദാചാരമെന്നത് കണ്ടുനില്‍ക്കുന്നവന്റെ ഇഷ്ടത്തിനനുസരിച്ച് വേണമെന്നു നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണ് അധികാരം.?
സ്‌നേഹമുള്ളവര്‍ തമ്മില്‍ ചുംബിച്ചാല്‍ സദാചാര ഭ്രംശനമല്ലാത്തിടത്തോളം നിന്റെ സദാചാരത്തിന്റെ അളവുകോല്‍ കൊണ്ട് എനിക്ക് വേലികെട്ടിയാല്‍ അത് പൊളിക്കേണ്ടിവരുമെന്നാണ് ചുംബന സമരക്കാര്‍ ഓര്‍മിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലം അഴീക്കലില്‍ യുവാവിനേയും യുവതിയേയും സദാചാരത്തില്‍ പേരില്‍ ഒരു സംഘം തടഞ്ഞത് സദാചാര ഗൂണ്ടായിസത്തിന് വലിയ തെളിവാണ്. ഇരയായ 24കാരന്‍ ജീവനോടുക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. സദാചാരം ചോദ്യം ചെയ്യാന്‍ എത്തിയത് മദ്യപര്‍ ഉള്‍പ്പടെയുളള സാമുഹ്യവിരുദ്ധരും.
മറൈന്‍ ഡ്രൈവിലെ ചൂരല്‍ പ്രയോഗം ആണ്‍ – പെണ്‍ സൗഹൃദങ്ങളെ മുന്‍വിധിയോടെ സമീപിച്ചതിന്റെ ഉദാഹരണമാണ്. രണ്ടിടത്തും ഇരകള്‍ക്ക് സ്വന്തം അവകാശവും സ്വാതന്ത്ര്യവും കുറ്റകരമായ രീതിയില്‍ നിഷേധിക്കപ്പെടുകയായിരുന്നു. നമ്മുടെ സ്വതന്ത്ര്യത്തെ അടിച്ചോടിക്കാന്‍ നാളെയും ചിലര്‍ എത്തിയേക്കാം. എന്നാല്‍ അതേനാണയത്തില്‍ അവരെ കായികമായി പ്രതിരോധിക്കാനായെന്ന് വരില്ല.
ഇത്തരം സദാചാര സംഘങ്ങളോ സംഘടനകളോ സൃഷ്ടിക്കുന്ന അലിഖിത നിയമങ്ങള്‍ തകര്‍ത്തെറിയാനുളള മറുപടിയാണ് ചുംബന സമരങ്ങള്‍. കുടയുടെ മറവില്ലാതെ നടുറോഡില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണത്.
സമരത്തിലടക്കമുളള പരിഷ്‌ക്കാരങ്ങള്‍ സംസ്‌കാരത്തെ ബാധിക്കും വിധം ആകരുത് എന്നാണ് ചുംബന സമരത്തെ ഒരു പ്രതിഷേധ മാര്‍ഗമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ വാദം. വാദങ്ങള്‍ തുടരുമ്പോഴും സദാചാരത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവരുടെ ചങ്കില്‍ തറയ്ക്കുന്നതായി മാറിക്കഴിഞ്ഞു ഒരോ സമര ചുംബനങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here