ദില്ലി: ഗോവയിലെ സർക്കാർ രൂപീകരണത്തിനുള്ള ബിജെപി നീക്കത്തിനെതിരെ കോൺഗ്രസ് സമർപിച്ച ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക ബെഞ്ച് രൂപീകരിച്ചാണ് കോൺഗ്രസ് സമർപിച്ച ഹർജിയിൽ വാദം കേൾക്കുന്നത്. അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ കോടതി ഇന്നു രാവിലെ തന്നെ കേസിൽ വാദം കേൾക്കാം എന്ന്അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരണത്തിനു ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ഇന്നു സത്യപ്രതജ്ഞ ചെയ്യാനിരിക്കെയാണ് കോൺഗ്രസ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയത്. പരീക്കർ ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 40 അംഗ നിയമസഭയിൽ 21 അംഗങ്ങളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ഈ പിന്തുണ ഉണ്ടെന്നു ബിജെപി അവകാശപ്പെടുന്നു. 13 അംഗങ്ങളാണ് ബിജെപിക്കുള്ളത്. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെയും ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്നു വീതം അംഗങ്ങളുടെയും രണ്ടു സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം.
അതേസമയം, രാഷ്ട്രീയനാടകങ്ങൾക്കൊടുവിൽ മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ചു. കേവല ഭൂരിപക്ഷം ഉറപ്പായെന്ന ബിജെപി അവകാശവാദത്തെ അംഗീകരിച്ചു കൊണ്ടാണ് ഗവർണർ നെജ്മ ഹെപ്തുള്ള സർക്കാർ രൂപീകരണത്തിനു ബിജെപിയെ ക്ഷണിച്ചത്. മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിംഗിനോട് അടിയന്തരമായി രാജി സമർപിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. 60 അംഗ നിയമസഭയിൽ 32 പേരുടെ പിന്തുണയുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നോംഗ്‌തോംബം ബൈരൻ സിംഗ് ഗവർണർക്ക് കത്തു നൽകിയിരുന്നു. 31 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
28 അംഗങ്ങളുള്ള കോൺഗ്രസ് ആണ് ഇവിടെയും ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 21 അംഗങ്ങളുണ്ട്. ഇതിനു പുറമേ, പി.എ സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നാലു എംഎൽഎമാരും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നാലു എംഎൽഎമാരും രണ്ടു സ്വതന്ത്ര എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രാദേശിക പാർട്ടികൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസും സർക്കാർ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. ബിജെപി കേന്ദ്ര നിരീക്ഷികരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ യോഗത്തിൽ തീരുമാനിക്കും. ഉത്തർപ്രദേശിലെ പിന്നോക്ക നേതാവ് കേശവ് പ്രസാദ് മൗര്യ, ആർഎസ്എസ് നേതാവ് ദിനേശ് ശർമ്മ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.
അതിനിടെ മനോഹർ പരീക്കർ ഒഴിഞ്ഞ ഒഴിവിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകും. സ്ഥാനം ഒഴിഞ്ഞ മനോഹർ പരീക്കറിന് പകരം അരുൺ ജെയ്റ്റ്‌ലിക്കാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. ഊർജ സഹമന്ത്രി പീയുഷ് ഗോയൽ ധനമന്ത്രിയാകാനും സാധ്യത തെളിഞ്ഞു. കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here