പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയിൽ കണ്ട രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പിൽ പെട്ടത്; കണ്ടെത്തൽ ഫൊറൻസിക് പരിശോധനയിൽ; സ്ഥിരീകരണത്തിനു മാതാപിതാക്കളുടെ ഡിഎൻഎ പരിശോധന നടത്തും

തൃശ്ശൂർ: പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയിൽ നിന്നു കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതു തന്നെ എന്ന സംശയം ബലപ്പെടുന്നു. ജിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പിൽ പെട്ട രക്തമാണ് ഇവിടെ നിന്നു ലഭിച്ചതെന്നു കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഇടിമുറിയിൽ നിന്നു കണ്ടെത്തിയ രക്തഗ്രൂപ്പും ഒ പോസിറ്റീവ് ആണ്. ഇതാണ് രക്തം ജിഷ്ണുവിന്റെ തന്നെ ആണെന്ന സംശയം ഉയരാൻ കാരണം. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാംപിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തും.

പാമ്പാടി നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലാണ് രക്തക്കറ കണ്ടെത്തിയിരുന്നത്. കോളജിൽ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയിരുന്നത്. തുടർന്ന് ശാസ്ത്രീയപരിശോധനയ്ക്കായി രക്തസാംപിൾ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇനി ശാസ്ത്രീയ തെളിവിനു വേണ്ടിയാണ് മാതാപിതാക്കളുടെ ഡിഎൻഎ പരിശോധിക്കുന്നത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ വച്ചായിരിക്കും ഡിഎൻഎ പരിശോധന നടത്തുക.

ജിഷ്ണു പ്രണോയിക്ക് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദനമേറ്റതായി തെളിഞ്ഞിരുന്നു. ഈ മുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നതെന്നു വിദ്യാർത്ഥികൾ വെളിപ്പെടുത്തുകയും ചെയ്തു. ജിഷ്ണു മരിച്ചുകിടന്ന മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. പിആർഒ സഞ്ജിത് വിശ്വനാഥന്റെ മുറി, ശുചിമുറി എന്നിവിടങ്ങളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതാണോ എന്ന് ഉറപ്പിക്കാനായിരുന്നു രക്തസാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നത്.

ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നതാണ് മർദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു.

വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണ് എന്ന സാധ്യതയിലേക്കാണ് നീങ്ങുന്നത്. ഇതോടെ കേസ് കൂടുതൽ ശക്തമാകും. പ്രതികൾക്കെതിരെ കൊലപാതക്കുറ്റം അടക്കം ചുമത്താനും സാധ്യതയേറി. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടുപോയി മർദ്ദിച്ചെന്നാണ് ഉയർന്ന പ്രധാന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News