കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകാനൊരുങ്ങി കൊല്ലം; രണ്ടു മണ്ഡലങ്ങളെ സമ്പൂർണ വൈദ്യുതീകൃത മണ്ഡലങ്ങളായി മന്ത്രി എം.എം മണി പ്രഖ്യാപിച്ചു

കൊല്ലം: കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകാനൊരുങ്ങി കൊല്ലം. കൊല്ലം ജില്ലയിലെ രണ്ടു മണ്ഡലങ്ങളെ സമ്പൂർണ വൈദ്യതീകൃത മണ്ഡലങ്ങളായി വൈദ്യുതിമന്ത്രി എം.എം മണി പ്രഖ്യാപിച്ചു. കൊല്ലം, ഇരവിപുരം മണ്ഡലങ്ങളെയാണ് സമ്പൂർണ വൈദ്യതീകൃത മണ്ഡലങ്ങളായി പ്രഖ്യാപിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ എറണാകുളത്തിനു പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയാകും കൊല്ലം. സംസ്ഥാനത്ത് മാർച്ച് 31 ന് മുമ്പായി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കൊല്ലം മണ്ഡലത്തിൽ 223 പുതിയ കണക്ഷനുകൾ കൂടി ബഹുജന പിന്തുണയോടെ നൽകിയതിനെ തുടർന്നാണ് മണ്ഡലത്തിൽ എല്ലാ വീടുകളിലും വൈദ്യുതി എത്തിയത്. 18 ലക്ഷം രൂപയുടെ പദ്ധതിയിൽ 9 ലക്ഷം എംഎൽഎ ഫണ്ടിൽ നിന്നും മുകേഷ് എംഎൽഎ നൽകി. ബാക്കി തദ്ദേശസ്ഥാപനങ്ങളും കെഎസ്ഇബിയും പ്രദേശത്തെ തൊഴിലാളികളും ചേർന്നാണ് മുടക്കിയത്.

ഇരവിപുരം മണ്ഡലത്തിൽ 296 പുതിയ കണക്ഷനകളാണ് നൽകിയത്. 22.50 ലക്ഷം രൂപയാണ് ആകെ ചിലവ്. ഇതിൽ 5 ലക്ഷം രൂപ നൗഷാദ് എംഎൽഎ നൽകി. ഈ മണ്ഡലത്തിലും തൊഴിലാളികളും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് വീടുകളിൽ വയറിംഗ് അടക്കമുള്ള ജോലികൾ തീർത്തു കൊടുത്തു. വർഷങ്ങളായി വിളക്കുവെട്ടത്തിൽ കഴിഞ്ഞവർക്കാണ് രണ്ടു മണ്ഡലങ്ങളിലും വൈദ്യുതി ലഭിച്ചത്. സംസ്ഥാനത്ത് വീടില്ലാത്തവർ ഉണ്ടാവരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അഞ്ചു വർഷം കൊണ്ട് എല്ലാവർക്കും വീട് നൽകുമെന്നും മന്ത്രി പറഞ്ഞു.

രണ്ടു മണ്ഡലങ്ങളിലുമായി അഞ്ചു കിലോമീറ്റർ പുതിയ വൈദ്യുതി ലൈൻ വലിച്ചു. പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്നതും 11 കെ വി ലൈൻ സ്ഥാപിക്കുന്നതുമായ ജോലികൾ പുരോഗമിക്കുകയാണ്. മാർച്ച് 31 നകം സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളും സമ്പൂർണ്ണ വൈദ്യുതീകൃതമാക്കി പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News