എഫ്എ കപ്പിൽ സെമിഫൈനൽ ലൈനപ്പായി; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ചെൽസി; സെമിയിൽ ടോട്ടനത്തെ നേരിടും; ആഴ്‌സണലിനു സിറ്റി എതിരാളികൾ

ലണ്ടൻ: എഫ്എ കപ്പ് ഫുട്‌ബോളിൽ സെമിഫൈനൽ ലൈനപ്പായി. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം തീർന്നതോടെയാണ് സെമിഫൈനൽ ലൈനപ്പായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു തകർത്ത് ചെൽസി സെമിഫൈനലിൽ കടന്നു. 51-ാം മിനിറ്റിൽ ഗോളോ കാൻറേയാണ് ചെൽസിക്കു വേണ്ടി ഗോൾ നേടിയത്. പത്തു പേരായി ചുരുങ്ങിയ യുണൈറ്റഡ് അതിനു ശേഷം കാര്യമായ പോരാട്ടവീര്യം കാണിച്ചിരുന്നില്ല. ഗോൾരഹിതമായിരുന്ന ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലായിരുന്നു ഗോൾ പിറന്നത്.

അവസാന ക്വാർട്ടർ മത്സരവും പൂർത്തിയായതോടെ സെമിഫൈനൽ മത്സരങ്ങളുടെ അന്തിമചിത്രം തെളിഞ്ഞു. ചെൽസിക്ക് ടോട്ടനം ഹോട്‌സ്പർ ആണ് എതിരാളികൾ. മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്‌സണൽ ആണ് എതിരാളികൾ. ഏപ്രിൽ 22നും 23നും വെംബ്ലിയിലാണ് മത്സരം. തുടർച്ചയായ 29-ാമത്തെ തവണയാണ് ആഴ്‌സണൽ എഫ്എ കപ്പ് സെമിഫൈനലിൽ കളിക്കുന്നത്. 2014, 2015 വർഷങ്ങളിൽ ആഴ്‌സണൽ ആയിരുന്നു എഫ്എ കപ്പ് ജേതാക്കൾ. കഴിഞ്ഞ നാലു സീസണിനിടെ ആദ്യമായാണ് സിറ്റി എഫ്എ കപ്പ് സെമിഫൈനൽ കളിക്കുന്നത്.

ലിങ്കൺ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് ആഴ്‌സണൽ സെമിഫൈനൽ ബർത്ത് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ആഴ്‌സണൽ രണ്ടാം പകുതിയിൽ നാലുഗോൾ കൂടി ലിങ്കൺ സിറ്റിയുടെ വലയിൽ അടിച്ചുകയറ്റി. ആദ്യ പകുതിയുടെ അധിക സമയത്ത് തിയോ വാൽക്കോട്ടാണ് ഗണ്ണേഴ്‌സിൻറെ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ ഒലിവർ ജിറൗഡ് വീണ്ടും ലക്ഷ്യം കണ്ടു. 58-ാം മിനിറ്റിൽ വാട്ടർഫാളിന്റെ ലക്ഷ്യംതെറ്റിയ ക്ലിയറൻസ് സ്വന്തം പോസ്റ്റിലെത്തിയതോടെ ആഴ്‌സണലിൻറെ ലീഡ് മൂന്നായി ഉയർന്നു.

72-ാം മിനിറ്റിൽ അലക്‌സിസ് സാഞ്ചേസും മൂന്നു മിനിറ്റിനുശേഷം ആരൺ റംസേയും ഗോളുകൾ വലയിലെത്തിച്ചതോടെ ലിങ്കൺ സിറ്റിയുടെ പരാജയം പൂർത്തിയായി. അര ഡസൺ ഗോളിന് മിൽവാളിനെ മുക്കിയാണ് ടോട്ടനം ഹോട്‌സ്പർ എഫ്എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചത്.
കൊറിയൻ സ്‌ട്രൈക്കർ സൺ ഹിയൂങ് മിയൂങ് ഹാട്രിക് നേടി. അലി, ജെൻസൻ എന്നിവർ ഓരോ ഗോളുകളും നേടി.

മിഡിൽബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി സെമിയിൽ കടന്നത്. ഡേവിഡ് സിൽവയും സെർജിയോ അഗ്യൂറയുമാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്. ലോക നിലവാരമുളള കളിക്കാരെ ഇറക്കിയാണ് മാഞ്ചസ്റ്റർ സിറ്റി മിഡിൽ ബ്രോക്കെതിരേ മത്സരിക്കാനിറങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News