താനൂർ സംഘർഷം; പ്രതിപക്ഷത്തിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയമെന്നു മുഖ്യമന്ത്രി പിണറായി; ലീഗുകാർ സിപിഐഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നെന്നു വി.അബ്ദുറഹ്മാൻ; അടിയന്തരപ്രമേയത്തിനു അനുമതിയില്ല

തിരുവനന്തപുരം: താനൂർ സംഘർഷം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷത്തിനു അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷം അസഹിഷ്ണുത കാണിക്കുകയാണ്. താനൂരിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കു പിന്നിൽ ചിലരുടെ അസഹിഷ്ണുതയാണ്. താനൂരിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം തുറക്കും. അക്രമം നടത്തുന്നത് ആരായാലും അടിച്ചൊതുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ടായിരം പേർക്കെതിരെ കേസെടുത്തു. സംഘർഷം നിയന്ത്രിക്കാൻ മാത്രമാണ് പൊലീസ് ശ്രമിച്ചതെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ സംഘർഷമുണ്ടായപ്പോൾ നിഷ്‌ക്രിയമായിരുന്ന പൊലീസ് പിന്നീടു തേർവാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നൽകിയ മുസ്ലിംലീഗ് അംഗം എൻ.ഷംസുദീൻ ആരോപിച്ചു. താനൂരിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

മുസ്ലിംലീഗുകാർ സിപിഐഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് താനൂർ എംഎൽഎ വി.അബ്ദുറഹ്മാൻ പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും പോലും ലീഗുകാർ വെറുതെ വിട്ടില്ല. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ പോലും ക്രൂരമായി മർദ്ദിച്ചെന്നും അബ്ദുറഹ്മാൻ പറഞ്ഞു. എന്നാൽ, അബ്ദുറഹ്മാന്റെ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധത്തിനൊടുവിൽ അപമാനകരമായ ഒരു പരാമർശവും സഭാരേഖകളിൽ ഉണ്ടാകില്ലെന്നു സ്പീക്കർ അറിയിച്ചു.

സഭയ്ക്കകത്ത് പെരുമാറുന്ന മര്യാദ പ്രതിപക്ഷനേതാവ് അംഗങ്ങൾക്ക് പറഞ്ഞ് കൊടുക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറെ പ്രതിപക്ഷം വെല്ലുവിളിക്കുകയാണ്. അധിക്ഷേപത്തെ കുറിച്ച് പറയുമ്പോൾ പ്രതിപക്ഷത്തിന് ദുശ്ശാസനച്ചിരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News