ടോൾ ബൂത്തിൽ 40 രൂപയ്ക്ക് കാർഡുരച്ച ഡോക്ടർക്ക് നഷ്ടമായത് 4ലക്ഷം രൂപ; പിഴവ് അംഗീകരിക്കാതെ ടോൾ ബൂത്തിൽ ഇരുന്നവർ

മംഗളുരു: ടോൾ ബൂത്തിൽ അടയ്ക്കാനുള്ള 40 രൂപ ക്രെഡിറ്റ് കാർഡിൽ ഉരച്ച ഡോക്ടർക്ക് പണികിട്ടി. 40 രൂപയ്ക്ക് പകരം കാർഡിൽ നിന്ന് നഷ്ടമായത് നാലു ലക്ഷം രൂപ. ടോൾ ബൂത്തിൽ ഇരുന്നയാളുടെ പിഴവ് മൂലമാണ് ഡോക്ടർക്ക് 40നു പകരം നാലു ലക്ഷം രൂപ നഷ്ടമായത്. എന്നാൽ, ഇവർ പിഴവ് അംഗീകരിച്ചു കൊടുക്കാനോ പണം മടക്കി നൽകാനോ തയ്യാറായില്ല. ഒടുവിൽ പൊലീസുമായി എത്തിയ ശേഷമാണ് ഇവർ തെറ്റ് സമ്മതിച്ചതും പണം നൽകിയതും.

ശനിയാഴ്ച രാത്രി 10.30ഓടെ കൊച്ചി-മുംബൈ ദേശീയപാതയിൽ ഉഡുപ്പിക്കു സമീപമായിരുന്നു സംഭവം. ഉഡുപ്പിയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള ടോൾബൂത്തിൽ ടോൾ അടയ്ക്കാനായി കാർഡ് കൈമാറിയ ഡോ.റാവു എന്ന മൈസൂരു സ്വദേശിക്കാണ് പണം നഷ്ടമായത്. മുംബൈയിലേക്കു പോകുകയായിരുന്നു ഇയാൾ. ടോൾ നൽകാനായി ഡെബിറ്റ് കാർഡ് ടോൾ ബൂത്തിൽ ഇരിക്കുന്നയാൾക്ക് കൈമാറി. പണം അടയ്ക്കുകയും ചെയ്തു.

എന്നാൽ, മൊബൈലിൽ എസ്എംഎസ് ലഭിച്ചപ്പോഴാണു ഡോക്ടർ ഞെട്ടിയത്. 40നു പകരം പോയിരിക്കുന്നത് 4 ലക്ഷം രൂപ. അപ്പോൾ തന്നെ സംഭവം ടോൾ ബൂത്തിലിരിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവരത് അംഗീകരിച്ചുകൊടുക്കാൻ തയാറായില്ല. രണ്ടുമണിക്കൂറോളം ഡോക്ടറുമായി വാദപ്രതിവാദം നടത്തിയശേഷവും ഇവർ തെറ്റു സമ്മതിക്കാൻ തയാറായില്ല.

തുടർന്ന് ഡോക്ടർ അഞ്ച് കിലോമീറ്റർ അകലെയുള്ള കോട്ടയിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസുകാർക്കൊപ്പം ടോൾ ബൂത്തിൽ തിരിച്ചെത്തി വീണ്ടും സംസാരിച്ചു. ഇതിനു ശേഷമാണ് പണം ബാക്കി തിരികെ നൽകാൻ ടോൾ ബൂത്തിൽ ഇരിക്കുന്നവർ തയ്യാറായത്. ചെക്ക് നൽകാമെന്ന് ടോൾ ബൂത്തിലിരിക്കുന്നവർ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം അറിയിച്ചു. എന്നാൽ തുക മുഴുവൻ പണമായി കൈയിൽ വേണമെന്ന ആവശ്യത്തെത്തുടർന്ന് നാലുമണിയോടു കൂടി 3,99,960 രൂപ കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News