മുത്തുകൃഷണൻ ശനിയാഴ്ചയും ഫോണിൽ സംസാരിച്ചിരുന്നെന്നു പിതാവ്; ആത്മഹത്യ ചെയ്യില്ലെന്നും മുത്തുവിന്റെ അച്ഛനും സുഹൃത്തുക്കളും; നിലപാടിൽ ഉറച്ച് പൊലീസ്; ദുരൂഹത വർധിക്കുന്നു

ദില്ലി: ജെഎൻയുവിൽ മരിച്ച നിലയില്‍ കാണപ്പെട്ട ഗവേഷക ദളിത് വിദ്യാർത്ഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി പിതാവും സുഹൃത്തുക്കളും. മുത്തുകൃഷ്ണൻ ശനിയാഴ്ചയും തന്നെ ഫോണിൽ വിളിച്ചിരുന്നതായി മുത്തുകൃഷ്ണന്റെ പിതാവ് ജീവാനന്ദം പറഞ്ഞു. അവൻ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് നിലപാടിൽ സംശയമുണ്ടെന്നും ജീവാനന്ദം വ്യക്തമാക്കി. ദളിത് വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മുത്തുകൃഷണൻ ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു. എന്നാൽ, മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതു തന്നെയാണെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്.

ദളിത് വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന തമിഴ്‌നാട് സേലം സ്വദേശിയും എംഫിൽ വിദ്യാർഥിയുമായ രജിനി ക്രിഷ് എന്ന മുത്തുകൃഷ്ണനെ ഇന്നലെ രാത്രിയാണ് സുഹൃത്തിന്റെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജസ്റ്റിസ് ഫോർ രോഹിത് വെമുല ക്യാംപയ്‌നിന്റെ സജീവ പ്രവർത്തകനും ദളിത് വിദ്യാർഥി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളുമാണ് മുത്തുകൃഷ്ണൻ. ക്യാംപസിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ അന്നു വൈകിട്ടാണ് മുത്തുകൃഷ്ണനെ ജെഎൻയുവിന് സമീപത്തെ മുനീർക്കയിലെ സുഹൃത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണെന്നു പൊലീസ് തുടക്കത്തിൽ തന്നെ വിധിയെഴുതി. എന്നാൽ വിദ്യാർഥിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുമില്ല. ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവല്ല മകനെന്നും അന്നേ ദിവസം ഫോണിൽ വിളിച്ചപ്പോൾ അടുത്ത ദിവസം വീട്ടിൽ വരുമെന്ന് പറഞ്ഞിരുന്നതായും പിതാവ് ജീവാനന്ദം പറഞ്ഞു. മുത്തുകൃഷ്ണന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റിലും സർവകലാശാലയിലെ ജാതീയ അസമത്വം പ്രതിപാദിക്കുന്നുണ്ട്. എംഎഫിൽ പ്രവേശനത്തിന്റെ മാനദണ്ഡങ്ങൾ അട്ടിമറിക്കപെടുന്നുവെന്നും തുല്യത നിഷേധിക്കപെടുന്നിടത്ത് സമത്വം ഇല്ലാതാകുന്നുവെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുശോചനം വിദ്യാർഥിയുടെ എഫ്ബി പേജിലേക്ക് ഒഴുകുകയാണ്. രോഹിത് വെമുലയുടെ ആത്മഹത്യ നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയിൽ നിന്ന് ദളിത് വിദ്യാർഥിയുടെ മരണ വാർത്ത രാജ്യത്തെ നടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here