ഉത്തര്‍ പ്രദേശില്‍ ജനവിധി മാനിച്ച് പരാജയം അംഗീകരിക്കുകയും വസ്തുനിഷ്ഠമായി വിലയിരുത്തുകയുമാണ് ബിഎസ്പി ഉള്‍പ്പെടെ എല്ലാവരും ചെയ്യേണ്ടത്. ആയിരവും അഞ്ഞൂറും കണ്ടിട്ടേയില്ലാത്ത ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് നോട്ട് നിരോധനം അവരെയെങ്ങനെ ബാധിക്കുമെന്നറിയില്ല.
കാശുള്ളവര്‍ വരിനില്‍ക്കുന്നത് കണ്ടും, ഒളിപ്പിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം നഷ്ടപ്പെട്ട് അയല്‍ക്കാരനായ ജന്മി തകരുന്നത് സ്വപ്നം കണ്ടും മോദിജിയ്ക്ക് ജയ് വിളിച്ചവരാണവര്‍. കൂട്ടത്തില്‍ വര്‍ഗീയതയുടെ വിഷം കൂടി കലക്കി ബിജെപി വിജയമുറപ്പാക്കി.
തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തര്‍ പ്രദേശ് സന്ദര്‍ശിച്ച സ്‌ക്രോള്‍ ലേഖകനെഴുതിയതോര്‍ക്കുന്നു. തുറസ്സായ സ്ഥലത്തെ കുളത്തില്‍ മുസ്ലിങ്ങള്‍ കുളിക്കുന്നത് ബീഫ് കഴിച്ചുണ്ടാക്കിയ ശരീരം ഹിന്ദു സ്ത്രീകളെ പ്രദര്‍ശിപ്പിച്ച് ലൗ ജിഹാദ് നടത്താനാണെന്ന പ്രചരണത്തിലായിരുന്നു ആ ഗ്രാമത്തില്‍ ബിജെപി.
സമാജ് വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യത്തിന്റെയും ബിഎസ്പി യുടെയും തന്ത്രങ്ങളിലെ പിഴവും വിമര്‍ശിക്കാതെ വയ്യ. കലാപത്തില്‍ കത്തിയ മുസാഫര്‍ നഗര്‍ സ്വദേശി ശിവം എഴുതി. ‘എന്റെ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ‘ബനിയ’ സമുദായത്തില്‍പ്പെടുന്ന ആളാണ് വിജയിക്കുന്നത്. ഇത്തവണ ബിജെപിയും എസ്പിയും ബനിയകളെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ബിഎസ്പി നിര്‍ത്തിയതാവട്ടെ ബ്രാഹ്മണനെയും. ബിജെപി വിജയിച്ചു.
ബിഎസ്പിക്ക് കിട്ടിയ വോട്ടുകളുടെ എണ്ണത്തില്‍നിന്നും ‘ചമാര്‍’ അടക്കമുള്ള ദളിത് വിഭാഗങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തില്ലെന്നും ബിജെപിക്ക് വോട്ട് ചെയ്‌തെന്നും കാണാം. ഇരുപത് വര്‍ഷമായി എന്റെ മൊഹള്ളയില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. ഇതുവരെയും ബിഎസ്പി അവിടെ പ്രവര്‍ത്തനത്തിനെത്തിയിട്ടില്ലെന്നും ശിവം എഴുതുന്നു.
ദളിത് സംവരണ മണ്ഡലമായ ഹസ്തിനപുരിയിലുള്‍പ്പെടെ ബിജെപി ജയിച്ചുകയറിയത് ദളിത് സ്വത്വരാഷ്ട്രീയത്തിന് നേരെ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. യുപി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യമല്ല. ഏത് പ്രതീക്ഷകളിലാണോ ജനം ബിജെപിക്ക് വോട്ട് ചെയ്തത്, ആ പ്രതീക്ഷകള്‍ പൊള്ളയാണെന്നറിയുമ്പോള്‍ അവരെ തള്ളിയിടുകയും ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്ന കല ഇനിയെങ്കിലും ഇന്ത്യന്‍ പ്രതിപക്ഷ പാര്‍ടികള്‍ സ്വായത്തമാക്കട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here