ദില്ലി : മാനവ വികസന സൂചികയില്‍ പിന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ജനപ്രതിനിധികള്‍ കോടിപതികളാവുന്നതിന്റെ വൈരുദ്ധ്യം അമ്പരപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. പുറത്തുവന്ന സ്വത്ത് വിവരക്കണക്കുകള്‍ ഏതൊരു പ്രജയുടെയും കണ്ണ് തള്ളിക്കാന്‍ പോകുന്നവയാണ്. ഉത്തര്‍ പ്രദേശില്‍ ജനാധിപത്യമോ അതോ പണാധിപത്യമോ എന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.
മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറാന്‍ തയ്യാറായിരിക്കുന്ന ബിജെപിയുടെ വിജയിച്ച 312 സ്ഥാനാര്‍ത്ഥികളില്‍ 246 പേരും കോടിപതികളാണ്. സമാജ് വാദി പാര്‍ട്ടിയുടെ 46 എംല്‍എ മാരില്‍ 39 കോടിപതികള്‍. 19 സീറ്റു നേടിയ ബിഎസ്പി യില്‍ 18 പേരും കോടിപതികളാണ്. കോണ്‍ഗ്രസിലെ വിജയിച്ച 7 സ്ഥാനാര്‍ത്ഥികളില്‍ 5 പേര്‍ കോടീശ്വരന്‍മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ വിജയിച്ച ഓരോ എംല്‍എയുടെയും ശരാശരി വരുമാനം 5 കോടിയിലധികമാണ്. നിലവില്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ചിലവ് കണക്കുകള്‍ കമ്മീഷനു സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ അപര്യാപ്തമാണ്. – ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി തിരഞ്ഞെടുപ്പിനു ചിലവാക്കിയ പണത്തിന്റെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പണത്തിന്റെ സ്വാധീനം വോട്ടിംഗിനെ ബാധിക്കുന്നത് തടയാന്‍ സാധിക്കുകയുള്ളൂ. മാനവ വികസന സൂചികകളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇത്രയധികം ജനപ്രതിനിധികള്‍ കോടിപതികളാവുന്നതിന്റെ വൈരുദ്ധ്യം അമ്പരിപ്പിക്കുന്നതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.