താനൂരില്‍ സംഭവിച്ചത് | കെടി സ്വാലിഹ്

കത്തിത്തീര്‍ന്ന വീടുകള്‍. ചിതറിക്കിടക്കുന്ന ബോട്ട് യന്ത്രങ്ങളും മീന്‍ ചാപ്പകളും. റോഡരികിലെല്ലാം പകുതിയും എരിഞ്ഞടങ്ങിയ വാഹനങ്ങള്‍. പേടിച്ചരണ്ടു നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും. ഓരോ ആളനക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇരുന്നൂറോളം പോലിസുകാര്‍. താനൂര്‍ ചാപ്പപ്പടിയില്‍നിന്ന് ഓട്ടുപുറത്തേക്കുള്ള യാത്രയില്‍ ഒറ്റനോട്ടത്തില്‍ കാണുന്നതാണിത്.

ഒരു കലാപം കഴിഞ്ഞ പ്രതീതി. 18 വീടുകളാണ് പൂര്‍ണമായും അഗ്‌നിക്കിരയായത്. പലരുടെയും വീട്ടില്‍ ഇനി അന്തിയുറങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. പലരും സമീപദേശങ്ങളിലെ കുടുംബവീടുകളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് അക്രമസംഭവങ്ങളുടെ തുടക്കം. താനൂര്‍ നിയമസഭാ മണ്ഡലം നഷ്ടമായതിനെത്തുടര്‍ന്ന് മുസ്ലിം ലീഗ് ഏക പക്ഷീയമായി അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ പൊലീസിന്റെ സഹായത്തോടെ ഇടതുപക്ഷ പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ നടത്തുന്നതെന്ന് മുസ്ലിം ലീഗും ആരോപിക്കുന്നു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് 114 പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. അക്രമത്തോടൊപ്പം പലയിടത്തും കവര്‍ച്ചയും നടന്നതായി പരാതിയുണ്ട്. സ്ത്രീകളെയും കുട്ടികളെയും അടിച്ചോടിച്ചശേഷമാണ് വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. താനൂര്‍ സിഐ സി അലവിയും തിരൂര്‍ സിഐ എംകെ ഷാജിയും പരിക്കേറ്റവരില്‍പ്പെടും.

മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡിവൈഎസ്പിമാരായ പിഎം പ്രദീപ്, എംജെ ബാബു, സിഐമാര്‍, എസ്‌ഐമാര്‍ എന്നിവരും തീരദേശത്ത് പട്രോളിങിലുണ്ട്. അക്രമം സംഭവങ്ങള്‍ ശമിച്ചെങ്കിലും അന്തിയുറങ്ങാന്‍ വീടില്ലാതെയും ഭയന്നും കഴിയുകയാണ് താനൂര്‍ തീരദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here