വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച് അരുവിക്കരയിലെ കോണ്‍ഗ്രസ് നേതാവ്; പ്രതികാരം മതിലില്‍ ശിലാഫലകം വയ്ക്കുന്നത് ചോദ്യം ചെയ്തതിന്; അക്രമി രാജീവ് നിരവധി ഗുണ്ടാ ആക്രമണ കേസിലെ പ്രതി

തിരുവനന്തപുരം : അരുവിക്കരയില്‍ വയോധികയ്ക്ക് കോണ്‍ഗ്രസ് ഗുണ്ടാ നേതാവിന്റെ ക്രൂര മര്‍ദ്ദനം. അരുവിക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാവ് കെ രാജീവാണ് വയോധികയെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. വീടിന്റെ മതിലിനോട് ചേര്‍ത്ത് ശിലാഫലകം സ്ഥാപിക്കാനുള്ള ശ്രമം ചോദ്യം ചെയ്തതിനുള്ള പ്രതികാരമായാണ് നടപടി.

അരുവിക്കര പഞ്ചായത്തിലെ ഇരുവ ജങ്ഷനിലാണ് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം മതിലിനോട് ചേര്‍ത്ത് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. എന്നാല്‍ ഇത് ചോദ്യം ചെയ്ത ഷീജ ഭവനത്തിലെ കൃഷ്ണമ്മ രംഗത്തുവന്നു.

അനുവാദമില്ലാതെ ശിലാഫലകം വയ്ക്കുന്നത് കൃഷ്ണമ്മ ചോദ്യം ചെയ്തു. ഇതോടെ കൃഷ്ണമ്മയെ ആക്രമിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. വൃദ്ധയുടെ ചുമലിലുണ്ടായിരുന്ന വസ്ത്രം രാജീവ് വലിച്ചെടുത്തു. തുടര്‍ന്ന് അവരെ വലിച്ചു താഴെയിട്ടും മര്‍ദ്ദിച്ചും വീട്ടിലേക്ക് തള്ളിവിട്ടു. പുറത്തുനിന്ന് ഗേറ്റുപൂട്ടാന്‍ ശ്രമിച്ച ഇയാള്‍ കൃഷ്ണമ്മ പുറത്തിറങ്ങുന്നത് തടഞ്ഞുകൊണ്ട് ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ച് ഭീഷണി മുഴക്കി.

മുന്‍പും നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള രാജീവിനെതിരെ പരാതിപ്പെടാന്‍ പ്രദേശവാസികള്‍ക്ക് ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ ഫ്‌ളക്‌സ് ബോര്‍ഡും ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്തെ ഗുണ്ടാനേതാവായ രാജീവ് നിരവധി ആക്രമണകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംഭവത്തില്‍ അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഷാജു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വയോധികയെ വലിച്ച് താഴെയിടുകയും മര്‍ദ്ദിച്ച് വീട്ടിലേക്ക് തള്ളിവിട്ട് ഗേറ്റ് പുറത്തുനിന്ന് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ തെളിവ് ഉള്‍പ്പെടുത്തിയാണ് ബി ഷാജു പരാതി നല്‍കിയിരിക്കുന്നത്.

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here