മിഷേൽ ഷാജിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്നു ഏറ്റെടുക്കും; മിഷേലിനു നീതിതേടി മറൈൻഡ്രൈവിൽ വിദ്യാർത്ഥി സംഗമം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസിൽ അന്വേഷണത്തിന്റെ മുഴുവൻ രേഖകളും സെൻട്രൽ പൊലീസ് ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മിഷേലിന്റെ ബന്ധു ക്രോണിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നത്. അതേസമയം വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ചാർട്ടേഡ് അക്കൗണ്ടന്റുമാരും സിഎ വിദ്യാർഥികളും മെഴുകുതിരി തെളിയിച്ച് മറൈൻഡ്രൈവ ിൽ ഒത്തുചേർന്നു.

ക്രോണിന്റെ നിരന്തരമായ ശല്യത്തെ തുടർന്ന് മിഷേൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇത് മിഷേലിന്റെ ബന്ധുക്കൾ തള്ളിക്കളയുന്നു. താനും മിഷേലും തമ്മിൽ പ്രശ്‌നം ഒന്നും ഇല്ലായിരുന്നെന്നു ക്രോണിൻ മൊഴി നൽകിയിട്ടുണ്ട്. സാധാരണ ഉണ്ടാകാറുള്ള പ്രശ്‌നങ്ങൾ മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു എന്നും ക്രോണിൻ മൊഴി നൽകി. മരിക്കുന്നതിനു തലേദിവസവും ക്രോണിൻ മിഷേലിന്റെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് മിഷേലിന്റെ മരണത്തിൽ ക്രോണിനും പങ്കുണ്ടെന്നു പൊലീസ് നിമഗനത്തിൽ എത്തിയത്.

പിറവം സ്വദേശി ക്രോണിൻ അലക്‌സാണ്ടർ ബേബി ഫേസ്ബുക്കിലൂടെയാണ് മിഷേലുമായി അടുപ്പത്തിലായത്. ഇടയ്ക്ക് ഇവർ തമ്മിൽ പിരിഞ്ഞു. പിരിഞ്ഞ ശേഷവും ക്രോണിൻ നിരന്തരം മിഷേലിനെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഛത്തീസ്ഗഡിൽ എകോമെയ്‌സ്റ്റെർ എന്ന കമ്പനിയിൽ ജൂനിയർ അസിസ്റ്റന്റ് മാനേജരായി ക്രോണിൻ ജോലിക്കു കയറി. ഇതിനു ശേഷവും മിഷേലിനെ ഫോണിൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നതായി പൊലീസ് കണ്ടെത്തി.

കാണാതായതിന് തലേദിവസം മിഷേലിന്റെ ഫോണിലേക്ക് 57 മെസേജുകൾ ക്രോണിൻ അയച്ചു. നാലുതവണ വിളിച്ചു. കാണാതായദിവസം വന്നത് 32 മെസേജുകളും ആറു ഫോൺകോളുകളും. അവസാന വിളി വന്നത് കാണാതായ ദിവസം ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലിനാണ്. ഇതിന് മുമ്പ് വിളിച്ചപ്പോൾ താൻ ചില തീരുമാനങ്ങളെടുത്തതായി മിഷേൽ പറഞ്ഞെന്ന് ക്രോണിൻ മൊഴി നൽകിയിട്ടുണ്ട്. മിഷേലിനെ പ്രതി കടുത്ത സമ്മർദത്തിലാക്കിയെന്നാണ് പൊലീസ് ഭാഷ്യം.

മിഷേൽ മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ് ഉറച്ചു നിൽക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News