ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു; നടപടി തുടർച്ചയായ പാക് പ്രകോപനത്തെ തുടർന്ന്

ദില്ലി: ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണരേഖയിലൂടെയുള്ള വ്യാപാരബന്ധമാണ് ഇന്ത്യ വിച്ഛേദിച്ചത്. പൂഞ്ച് ജില്ലയിലെ അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവയ്പ്പ് നടത്തുന്നുണ്ട്. വെടിവയ്പ്പിനെ തുടർന്ന് ചാക്ക ദ ബാഗിലെ ട്രേഡ് ഫെസിലിറ്റേഷൻ സെന്ററിനു കേടുപാടുണ്ടാക്കിയിരുന്നു. ഇതാണ് അതിർത്തി കടന്നുള്ള വ്യാപാരബന്ധം റദ്ദാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഇതിനു മുന്നോടിയായി പൂഞ്ചിൽ നിന്നു റാവൽകോട്ടിലേക്കുള്ള ബസ് സർവീസ് ഇന്ത്യ തിങ്കളാഴ്ച നിർത്തലാക്കിയിരുന്നു. ട്രേഡ് ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് ട്രക്കുകൾ പാകിസ്താനിലേക്ക് അയച്ചെങ്കിലും പാകിസ്താൻ നിയന്ത്രണരേഖയിൽ ഗേറ്റ് തുറക്കാൻ സമ്മതിച്ചില്ല. അൽപനേരം കാത്തിരുന്ന ശേഷം ട്രക്കുകൾ മടങ്ങുകയായിരുന്നു. വ്യാപാരം അടുത്തെങ്ങും പുനരാരംഭിക്കാനുള്ള സാധ്യത ഇല്ലെന്നും പറയപ്പെടുന്നു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നിനു മുസാഫറാബാദ്-ശ്രീനഗർ പാതയിൽ ട്രക്കിൽ കടത്തുകയായിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഒരു ചൈനീസ് പിസ്റ്റളും രണ്ടു പിസ്റ്റൾ മാഗസിനും 14 റൗണ്ട് തിരകളും പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷമാണ് വ്യാപാരബന്ധം നിർത്തലാക്കാൻ തീരുമാനിച്ചത്. 2008-ലാണ് ഇന്ത്യ-പാകിസ്താൻ വ്യാപാരബന്ധം ആരംഭിച്ചത്.2016 ഓഗസ്റ്റിൽ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ വ്യാപാരബന്ധം നിർത്തലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News