യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മുൻമന്ത്രി അറസ്റ്റിൽ; സമാജ്‌വാദി മുൻ മന്ത്രി ഗായത്രി പ്രജാപതിയെ പിടികൂടിയത് ലഖ്‌നൗവിൽ നിന്ന്

ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയിരുന്ന ഗായത്രി പ്രജാപതിയെ ഒളിവിൽ കഴിഞ്ഞിരുന്നിടത്തു നിന്ന് ലഖ്‌നൗവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമാണ് ഗായത്രി പ്രജാപതി. യുവതിയെ പീഡിപ്പിക്കുകയും പതിനാറുകാരിയായ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് ഗായത്രി പ്രജാപതിക്കെതിരായ കേസ്.

മന്ത്രി രാജ്യം വിടുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നാല് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. യുവതിയെ കൂട്ടമാനഭംഗം ചെയ്യുകയും മകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. സമാജ്‌വാദി പാർട്ടിയുടെ അമേഠിയിലെ സ്ഥാനാർത്ഥിയാണ് പ്രജാപതി. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ പ്രജാപതി അറസ്റ്റ് ഒഴിവാക്കുന്നതിന് സുപ്രീംകോടതിയിൽ ഹർജിയും നൽകിയിരുന്നു.

ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടിയിൽ സ്ഥാനം അടക്കം വാഗ്ദാനം ചെയ്താണ് പതിനാറുകാരിയായ പെൺകുട്ടിയുടെ മാതാവിനെ രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കിയത്. അവർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി മന്ത്രിക്കും അനുയായികൾക്കുമെതിരെ എഫ്‌ഐആർ സമർപ്പിക്കാൻ ഉത്തരവിട്ടു. 49കാരനായ പ്രജാപതിയെ അഴിമതിക്കേസിൽ മുഖ്യമന്ത്രി അഖിലേഷ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നതാണ്. എന്നാൽ, പിന്നീട് മുലായം സിംഗിന്റെ ഇടപെടലിനെ തുടർന്നാണ് തിരിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here