അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ; സിനിമാ താരങ്ങൾ പൊതുസ്വത്തല്ലെന്നു താരം

മുംബൈ: അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോടു കയർത്ത് ബോളിവുഡ് താരം വിദ്യ ബാലൻ. സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ കൈ കൊണ്ട് ശരീരത്തിൽ വട്ടംപിടിച്ച ആരാധകനെ ചീത്ത വിളിച്ച് കയർത്തു കൊണ്ട് താരം ഇറങ്ങിപ്പോയി. ബീഗം ജാനിന്റെ പ്രൊമോഷനായി പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ആരാധകരോടു ഭയങ്കര സൗഹാർദമായി ഇടപെടുന്ന വിദ്യയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാകുന്നതു തന്നെ അപൂർവമാണ്. ബോളിവുഡിലെ ബോൾഡ് നായിക എന്നാണ് വിദ്യ അറിയപ്പെടുന്നത്.

പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രമോഷന് വേണ്ടി കൊൽക്കത്തയിൽ എത്തിയപ്പോഴാണ് വിദ്യക്കു നേരെ അതിക്രമം ഉണ്ടായത്. വിമാനത്താവളത്തിൽ വച്ച് വിദ്യയെ കണ്ട ഒരു ആരാധകൻ സെൽഫി എടുക്കാനായി വിദ്യ ബാലനെ സമീപിച്ചു. പൊതുവേ ആരാധകരോടു സൗഹാർദമായി പെരുമാറുന്ന വിദ്യ അതു സമ്മതിക്കുകയും ചെയ്തു. എന്നാൽ, സെൽഫി എടുക്കുമ്പോഴാണ് ഇയാളുടെ പെരുമാറ്റം മാറിയത്. ഫോട്ടോ എടുക്കുമ്പോൾ ഇയാൾ വിദ്യയോടു സമ്മതം ചോദിക്കാതെ തന്നെ കൂടുതൽ അടുത്തുനിന്ന് ഒരു കൈ കൊണ്ട് വിദ്യയെ വട്ടംപിടിച്ചു.

അപ്പോൾ തന്നെ അകന്നുമാറി വിദ്യ അയാളോടു കൈയെടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ക്ഷമ പറഞ്ഞ് കൈയെടുത്ത ഇയാൾ വീണ്ടും ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അപ്പോഴും പഴയതു പോലെ തന്നെ ഒരു കയ്യെടുത്ത് ഇയാൾ വിദ്യയെ വട്ടംപിടിച്ചു. ഇതോടെ വിദ്യയുടെ നിയന്ത്രണം വിട്ടു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നു ചോദിച്ച വിദ്യ ആരാധകനോടു കയർത്തു. ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും വിദ്യ അയാളോടു പറഞ്ഞു. സിനിമാ താരങ്ങൾ പൊതുസ്വത്ത് അല്ലെന്നും അവർക്കൊരു സ്വകാര്യ ജീവിതം ഉണ്ടെന്നും പിന്നീട് വിദ്യ പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like