291 രൂപയ്ക്ക് ഇരട്ടി ഡാറ്റ നൽകി ജിയോയെ വെട്ടിലാക്കി ബിഎസ്എൻഎൽ; കിടുക്കും ബിഎസ്എൻഎല്ലിന്റെ ഈ ഹോളി ഓഫർ

മുംബൈ: 291 രൂപയ്ക്ക് ഇരട്ടി ഡാറ്റ നൽകി ബിഎസ്എൻഎൽ വീണ്ടും റിലയൻസ് ജിയോക്ക് പണികൊടുത്തു. നിലവിൽ ലഭിച്ചു കൊണ്ടിരുന്ന ഡാറ്റ നിരക്ക് നേരെ ഇരട്ടിയാക്കുകയാണ് ബിഎസ്എൻഎൽ ചെയ്തത്. എല്ലാ ഡാറ്റ പാക്കുകളിലും ഇരട്ടി ഡാറ്റ നൽകുന്നുണ്ട്. ഹോളി ഓഫർ ആയാണ് ബിഎസ്എൻഎൽ പുതിയ ഓഫർ പ്രഖ്യാപിച്ചത്. ജിയോയുടെ വരവോടെ തുടങ്ങിയ ഓഫർ നൽകൽ മത്സരം ഇപ്പോഴും തുടരുകയാണ്. എല്ലാ കമ്പനികളും ഓഫർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കുറേക്കൂടി ഉദാരമായ ഓഫർ നൽകുന്നത് ബിഎസ്എൻഎൽ ആണ്.

നാല് ഉയർന്ന ഡാറ്റ പാക്കുകളിലും ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്തു കൊണ്ടാണ് ബിഎസ്എൻഎൽ ഓഫർ പ്രഖ്യാപിച്ചത്. നിലവിലെ ഡേറ്റാ പാക്കുകളായ 156, 198, 291, 549 എന്നിവയെല്ലാം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 156 രൂപ പാക്കിൽ ഏഴു ജിബി ഡേറ്റ 28 ദിവസം ഉപയോഗിക്കാം. നിലവിൽ ഈ പാക്കിൽ 10 ദിവസത്തേക്ക് 4ജിബി ഡേറ്റയാണ് ലഭിക്കുന്നത്. 198 പാക്കിൽ 4ജിബി അധിക ഡാറ്റ നൽകും.

291 രൂപ പാക്കിൽ 28 ദിവസത്തേക്ക് 28 ജിബി ഡാറ്റയും ലഭിക്കും. അതായത് ഒരു ദിവസം ഒരു ജിബി ഡാറ്റ ഉപയോഗിക്കാം. റിലയൻസ് ജിയോയിൽ ഇപ്പോൾ ഈ ഓഫർ ലഭിക്കണമെങ്കിൽ 303 രൂപ ചെലവഴിക്കണം. നിലവിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പാക്കാണിത്. 549 രൂപ പാക്കിൽ 30 ജിബി ഡേറ്റ 30 ദിവസത്തേക്ക് ലഭിക്കും. നിലവിൽ 15 ജിബിയാണ് ഈ പാക്കിൽ നൽകുന്നത്. നേരത്തെ 78 രൂപയ്ക്ക് റീചാർജ് ചെയ്താൽ 5 ദിവസത്തേക്ക് 2ജിബി 3ജി ഡേറ്റ ലഭിക്കുന്ന ഓഫറുകളും അവതരിപ്പിച്ചിരുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ 3ജി വരിക്കാർക്ക് മേയ് ആറു വരെ ലഭിക്കും.

ജിയോയുടെ കടന്നുവരവോടെയാണ് രാജ്യത്തെ മൊബൈൽ സേവനദാതാക്കൾ എല്ലാം ഓഫറുമായി രംഗത്തെത്താൻ തുടങ്ങിയത്. മറ്റു സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ പ്രഖ്യാപിക്കുന്ന ഓഫറുകളേക്കാൾ മികച്ച ഓഫർ തുടക്കം മുതൽ ബിഎസ്എൻഎൽ പ്രഖ്യാപിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here