നാവിറങ്ങിപോയ മാധ്യമങ്ങളേ, നിങ്ങളുടെ നീതിയും പാലും പഴവും കഴിച്ചിട്ടല്ല എസ്എഫ്‌ഐ ഹൃദയപക്ഷമായത് | ജെയ്ക്ക് സി തോമസ്

ഒരു കൈ കൊണ്ട് പൊരുതി ജീവിച്ച ഒരു വിദ്യാർത്ഥിയുടെ ആ കരമങ്ങു അറത്തു മാറ്റിയ ഗാന്ധി ശിഷ്യരുടെ സ്‌പോൺസേർഡ് ക്വട്ടേഷൻ ക്രൂരതയ്ക്ക് മുൻപിൽ മാത്രം മുഖ്യധാരാ മാധ്യമങ്ങൾക്ക് നാവിറങ്ങിയും, കണ്ണടഞ്ഞും പോയിരിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. ഒരാൾക്ക് മുഖത്തൊരു പ്രഹരമേറ്റപ്പോഴും മറ്റൊരു യുവാവിന് യൂണിവേഴ്‌സിറ്റി കോളജിനുള്ളിൽ വെച്ച് മർദ്ദനമേറ്റപ്പോഴും ജില്ലാ ഹർത്താൽ നടത്തിയവർ, ദിവസങ്ങൾ നീണ്ട ഇഴകീറി മുറിച്ചുള്ള വിചാരണ നടത്തിയവരും തുടങ്ങി ജനാധിപത്യആക്രമണ രഹിത ട്യൂഷൻ ക്ലാസുകൾ വരെ നടത്തിയവർ. പക്ഷെ നിങ്ങളുടെ ഓഡിറ്റിംഗ് നീതി ഞങ്ങൾക്കും വേണമെന്നൊരു അപേക്ഷയും ഇല്ല. ഒരു കാലത്തും മുഖ്യധാരാ മാധ്യമങ്ങളുടെ പാലും പഴവും കഴിച്ചിട്ടായിരുന്നില്ല എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ഹൃദയപക്ഷമായതെന്നും ജെയ്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സെലെക്ടിവ് നീതിയുടെ മാധ്യമ (അ)ധർമങ്ങൾ ..!

ലൈബ്രറി സയൻസ് പഠിക്കുന്നൊരു വിദ്യാർത്ഥി,ഉണ്ടായിരുന്ന ഒരു കൈ കൊണ്ട് മാത്രം പുസ്തകങ്ങളുടെ ലോകത്തു വിഹരിച്ചു നടന്ന സച്ചുവിന്റെ ആസ്പ്ത്രി കിടക്കയിൽ നിന്നും നീണ്ടു വന്നു ചോദ്യം ‘എങ്ങനെയാണ് ഇനിയൊന്നു പുസ്തകം നിവർത്തി പിടിച്ചു വായിക്കുക..!’

ഒരു കരത്തിന് ശേഷി നഷ്ടപ്പെട്ട്,മറു കരം കൊണ്ട് മാത്രം പഠിച്ചും,പരീക്ഷ എഴുതിയും ഭാവി നെയ്ത ഒരു വിദ്യാർത്ഥി.ശേഷിയുടെ കോളം പരിശോധിച്ചാൽ ഭിന്നശേഷിക്കാരൻ എന്നടയാളം വെയ്‌ക്കേണ്ടവൻ.ഒഴിഞ്ഞ കള്ളികളിൽ ജാതിയുടെ പേർ നിറയ്ക്കാൻ എഴുതിച്ചേർക്കേണ്ടി വരിക പട്ടികജാതി എന്നും.ദാരിദ്രത്തെയും,സാമൂഹിക അടിച്ചമർത്തലുകളുടെ നീണ്ട പട്ടികയെയും തരണം ചെയ്തു സർവകലാശാല ക്യാമ്പസ്സിൽ പഠിക്കാനെത്തിയ വിദ്യാർത്ഥി.

അരികിൽ നിർത്തിയിട്ട കാറിന്റെ അടഞ്ഞ ഡിക്കിയിൽ നിന്നുമാണ് പ്രഫഷണൽ കൊലപാതകങ്ങളെ തോൽപ്പിക്കും വിധം,വലതു കരം മാത്രം ജീവിതാശ്രയമാക്കിയ സച്ചു സദാനന്ദന്റെ കൈ വെട്ടിയെടുക്കാൻ പാകത്തിൽ അരുൺ ഗോപന്റെ (കണ്ണൂരിൽ ഇടതുപക്ഷ പ്രവർത്തകനായ ഷാജിയെ കൊലപ്പെടുത്തിയ കേസിൽ ദീർഘകാലം ജയിലിൽ കിടന്ന,കാസർഗോഡ് കഴുത്തറുത്തു നടത്തിയ കൊലപാതക കേസിലുൾപ്പടെ 29 കവർച്ചകൊലപാതക കേസുകളിൽ മാത്രം പ്രതി) കൊട്ടെഷൻ സംഘം യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്‌സിന്റെ നേതൃത്വത്തിൽ നരനായാട്ട് നടത്തിയത് .എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കൂടിയായ അരുണിന്റേയും, അറുത്തെടുക്കാൻ ശ്രമിച്ചത് പേനയെടുക്കാനും,മുദ്രാവാക്യം വിളിക്കാനുമുയർത്തുന്ന അതെ കരങ്ങൾ തന്നെയായിരുന്നു എന്നത് യാദൃശ്ചികം എന്ന് ചുരുക്കിയെഴുത്തിൽ ഒതുക്കാവുന്നതല്ല .

എസ്.എഫ്.ഐ. പ്രവർത്തകർ ആയതുകൊണ്ട് എന്തെങ്കിലുമൊരു അനൂകൂല്യം മാധ്യമങ്ങളിൽ നിന്നോ,സമൂഹത്തിൽ നിന്നോ അധികമായിയൊന്നു ആവശ്യപെട്ടിട്ടുമില്ല,പെടുന്നുമില്ല.പക്ഷേ അറവുകാരന്റെ ദയാരഹിതമായ കഠാരതലപ്പുകൾക്കു സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം,ഇരകളാക്കപ്പെടുകയും,അതുവഴി ജീവിതം തന്നെ തകർത്തെറിയപ്പെടുകയും ചെയ്യുമ്പോഴും നമ്മുടെ മാധ്യമ മുഖ്യധാരകളും,പ്രതികരണ ആക്ടിവിസ്റ്റുകളും പുലരുത്തുന്ന നിശബ്ദതയും,ആ നിഷ്പക്ഷതയും മാന്യതയുടെ അനർഹമായ അതിർവരമ്പുകളിലെങ്കിലും,ഓർമ്മിപ്പിക്കുന്നത് ഡെസ്മണ്ട് ടുട്ടുവിനെയാണ്.

ഉറുമ്പിന്റെ തലയ്ക്കു മേൽ ചവിട്ടുന്ന ആനയുടെ സംഘർഷ രംഗത്തിൽ നിങ്ങൾ നിഷ്പക്ഷൻ ആണെന്നാണ് പുലമ്പുന്നതെങ്കിൽ നിങ്ങൾ നിർദ്ദയമാവിധം വേട്ടക്കാരന്റെ പക്ഷത്താണ് എന്ന് ആഫ്രിക്കൻ ബിഷപ്പ് കൂടിയായ ടുട്ടു ക്രാന്തദർശിത്വത്തോടെ വിളിച്ചു പറഞ്ഞത് ഒട്ടൊന്നു നന്നായി തന്നെ നമ്മുടെ മാധ്യമങ്ങൾക്കു ചേരുന്നതാണ്.

മർദ്ദനമേൽക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിലായാലും,ജെ.എൻ.യുവിൽ ആയാലും ഒരേപോലെ ഒഴിവാക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.അതിക്രമങ്ങളൊക്കെയും നിർദ്ദയമായി വിചാരണ ചെയ്യപ്പെടുകയും,തെറ്റുകാർ തിരുത്തലുകൾക്ക് വിധേയമാക്കപ്പെടുകയും വേണം.

കഞ്ചാവ് കച്ചവടം നടത്തിയ(അതും മർദനത്തിന് മതിയായ ഒരു കാരണമായി കരുതുന്നുമില്ല) വിദ്യാർത്ഥിക്ക് മുഖത്തൊരു പ്രഹരമേറ്റപ്പോഴും,മറ്റൊരു യുവാവിന് യൂണിവേഴ്‌സിറ്റി കോളേജിനുള്ളിൽ വെച്ച് മർദ്ദനമേറ്റപ്പോഴും,ജില്ലാ ഹർത്താൽ നടത്തിയവർ, ദിവസങ്ങൾ നീണ്ട ഇഴകീറി മുറിച്ചുള്ള വിചാരണ നടത്തിയവരും തുടങ്ങി ജനാധിപത്യആക്രമണ രഹിത ട്യൂഷൻ ക്‌ളാസുകൾ വരെ നടത്തിയ ആ മഹാനിരയിൽ ഒരാൾക്കും,ഒരു കൈ കൊണ്ട് പൊരുതി ജീവിച്ച ഒരു വിദ്യാർത്ഥിയുടെ ആ കരമങ്ങു അറത്തു മാറ്റിയ ഗാന്ധി ശിഷ്യരുടെ സ്‌പോൺസേർഡ് കൊട്ടെഷൻ ക്രൂരതയ്ക്ക് മുൻപിൽ മാത്രം നാവിറങ്ങിയും,കണ്ണടഞ്ഞും പോയിട്ടുണ്ടെങ്കിൽ ചുരുങ്ങിയ ഭാഷയിൽ ‘കഴുവേറിയുടെ മകനെ പോയി ഗുജറാത്തിനെ കുറിച്ച് പറ’യെന്നു ആക്രോശിച്ച പി.കെ.പാറക്കടവിന്റെ കഥാസന്ദർഭം തിരുത്തിയൊന്നു മാധ്യമങ്ങളോട് ‘ എം.ജി സർവ്വകലാശാലയെ കുറിച്ച് പറ ‘എന്ന് പറയേണ്ടതായി വരുന്നു.

പക്ഷെ നിങ്ങളുടെ ഓഡിറ്റിംഗ് നീതി ഞങ്ങൾക്കും വേണമെന്നൊരു അപേക്ഷയും ഇല്ല,അതിനു മൂക്കിൽ നിന്ന് വലിച്ചെടുത്തു തുപ്പി കളയുന്ന മലിനജലത്തിന്റെ വിലപോലും ഞങ്ങൾ കല്പിക്കുന്നുമില്ല.ഒരു കാലത്തും മുഖ്യധാരാ മാധ്യമങ്ങളുടെ പാലും,പഴവും കഴിച്ചിട്ടായിരുന്നില്ല എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ ഹൃദയപക്ഷമായത്. വ്യവസ്ഥിതിയോടും,പൊതുബോധത്തോടും കലഹിച്ചും കലാപം തീർത്തും തന്നെയാണ് ‘നിഷേധി’കളുടെ മഹാനിരയായി എസ്.എഫ്.ഐ. വളർന്നതും,പന്തലിച്ചതും.പിന്നിട്ട വഴികളിലത്രയും ജീവനെടുക്കാനായി പാഞ്ഞു വന്ന കത്തിമുനകളിൽ യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്സും മാത്രമായിരുന്നില്ല,ആർ.എസ്.എസ്എൻ.ഡി.എഫ്മുസ്‌ളിം ലീഗ് . എന്ന കേട്ടുപഴകിയെതെന്നു തോന്നാവുന്ന സഖ്യത്തിൽ മാത്രമായിയങ്ങ് ഒതുങ്ങുന്നുമില്ല.

ജീവനെടുത്തവരിൽ ദളിത് പാന്തേഴ്‌സ് എന്ന കേട്ടുകാണാൻ ഒരോർമ്മയും മാധ്യമ കോളങ്ങൾ പകുത്തു വെച്ചിട്ടില്ലാത്ത ഒരു സംഘം ഉണ്ട്,കൊന്നു തള്ളാൻ നേതൃത്വം ആയ പേരുകളിൽ പി.ഡി.പിയും ഉണ്ടായിരുന്നു.കൺസഷൻ അവകാശമാക്കാൻ ഇറങ്ങിയപ്പോൾ ബസ് ഡ്രൈവറും കൊലപ്പെടുത്തിയിട്ടുണ്ട് ഒരു ദേവപാലനെ.32 വിദ്യാർത്ഥികൾ കത്തിമുനയിൽ ഇല്ലാതായിപ്പോഴും,മകനെ തേടിയെത്തി അച്ഛനെ തന്നെ കൊലപ്പെടിത്തിയപ്പോഴും,അതേ മാതൃക തിരികെ ഒരു വിദ്യാർത്ഥിയുടെയും നേർക്കു സ്വീകരിക്കാഞ്ഞപ്പോഴും ലഭിക്കാതിരുന്ന ഒരു മാധ്യമ പിന്തുണയും ഇനിയങ്ങോട്ടുംആഗ്രഹിക്കുന്നില്ല.

വിരൽ ചൂണ്ടുന്ന അഭിനവ ഗാന്ധി ശിഷ്യരുടെയും,ജോർജ് ഓർവെൽ ആരാധകരുടെയും മാലാഖ രൂപമാർന്ന വെളുക്കെ ചിരികൾക്കു നാളെയും മുൻപേജ് കോളങ്ങളും,സമയമാപിനിയിലെ പ്രൈം ഹവറുകളും മാറ്റി വെയ്ക്കുമെന്നതിൽ ഒരു അതിശയോക്തിയുമില്ല.പക്ഷെ നിങ്ങൾ മറച്ചു പിടിക്കുമ്പോഴും ക്രൂരതയുടെ നേതൃത്വം,മാലാഖ ചിരികളിൽ ഉള്ളിലൊളിപ്പിച്ച രാക്ഷസ ചിത്തർക്കു തന്നെയാണെന്നത് കാലം ഉച്ചസ്ഥൈരം വിളിച്ചറിയിച്ചു കൊണ്ടേയിരിക്കും.

ആശപുത്രി കിടക്കയിലെ അസ്വസ്ഥജനകമായ ചോദ്യം സമൂഹത്തിനു മുൻപിലേക്ക് കൂടി വെയ്ക്കുകയാണ് ‘എങ്ങനെയാണ് ഇനിയൊന്നു പുസ്തകം നിവർത്തി പിടിച്ചു വായിക്കുക..!’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News