ജയലളിതയുടെ പിൻഗാമിയാകാൻ ചിന്നമ്മയുടെ അനന്തരവൻ; ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പിൽ ടിടിവി ദിനകരൻ മത്സരിക്കും

ചെന്നൈ: ജയലളിതയുടെ പിൻഗാമിയാകാൻ ഒരുങ്ങുകയാണ് ശശികലയുടെ അനന്തരവൻ. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ നിന്ന് അണ്ണാഡിഎംകെയുടെ സ്ഥാനാർത്ഥിയായി ടിടിവി ദിനകരൻ ആണ് മത്സരിക്കുക. ഏപ്രിൽ 12നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ദിനകരനെ മത്സരിപ്പിക്കാൻ ശശികല പക്ഷം തീരുമാനിച്ചിട്ടുണ്ട്. അതേസമയം തന്നെ ആർകെ നഗറിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്താൻ ഒപിഎസ് പക്ഷവും തീരുമാനിച്ചിട്ടുണ്ട്.

ശശികലയുടെ സഹോദര പുത്രനും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമാണ് ദിനകരൻ. ഒപിഎസ് പക്ഷത്തെ വെല്ലുവിളിച്ചാണ് ആർകെ നഗറിൽ ദിനകരനെ മത്സരിപ്പിക്കാൻ ശശികലപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ടെങ്കിലും മത്സരിപ്പിക്കാൻ ഉറച്ചുതന്നെ നിൽക്കുകയാണ് ശശികലപക്ഷം. 50000 വോട്ടിന്റെ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്ന് ദിനകരനും ഉറച്ചുപറയുന്നു.

ദിനകരന്റെ സ്ഥാനാർത്ഥിത്വം ശശികലപക്ഷം പ്രഖ്യാപിച്ചതോടെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്താൻ ഒപിഎസ് പക്ഷവും തീരുമാനമെടുത്തു. ആർകെ നഗറിൽ ശശികല വിരുദ്ധത ശക്തമാണ്. അതിനാൽ ദിനകരനെതിരെ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തി മത്സരം കടുപ്പമാക്കാൻ തന്നെയാണ് ഒപിഎസ്, ഡിഎംകെ കക്ഷികളുടെ തീരുമാനം. അണ്ണാഡിഎംകെ ചിഹ്നമായ രണ്ടില തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് ഒപിഎസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ഡിഎംകെ മാത്രമാണ് തങ്ങളുടെ പ്രധാന എതിരാളികൾ അതിനാൽ രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് ദിനകരൻ വ്യക്തമാക്കി. മറ്റു പാർട്ടികളും, ഒപിഎസും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here