2000 രൂപയ്ക്ക് ഒരു 4ജി ഫോൺ ലഭിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. നല്ല അഭിപ്രായം അല്ലേ. പക്ഷേ കിട്ടുമോ ആളെ പറ്റിക്കൽ അല്ലേ എന്നൊക്കെ അല്ലേ നിങ്ങളുടെ സംശയം. എന്നാൽ, അല്ല. വൈകാതെ 2000 രൂപ വിലയുള്ള സ്മാർട്‌ഫോണുമായി റിലയൻസ് ജിയോ എത്തും. സെർച്ച് എൻജിൻ ഭീമൻമാരായ ഗൂഗിളിനെ കൂട്ടുപിടിച്ചാണ് ജിയോ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാർട്‌ഫോൺ രംഗത്തിറക്കാൻ ആലോചിക്കുന്നത്.
വമ്പൻ ഓഫറുകളുമായി എത്തി ജിയോ രാജ്യത്തെ ടെലികോം സേവന മേഖല ഒന്നാകെ പിടിച്ചടക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെ ഇനി സ്മാർട്‌ഫോൺ വിപണിയും പിടിച്ചടക്കാനാണ് ജിയോ ആലോചിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് വിലകുറഞ്ഞ സ്മാർട്‌ഫോൺ രംഗത്തിറക്കാനുള്ള ജിയോയുടെ ആലോചന. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി എല്ലാവർക്കും കുറഞ്ഞ നിരക്കിൽ 4ജി ഹാൻഡ്‌സെറ്റ് ലഭ്യമാക്കുക എന്നതാണ് ജിയോ-ഗൂഗിൾ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
അടുത്തിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇതിനെ കുറിച്ച് സൂചന നൽകിയിരുന്നു. വിലകുറഞ്ഞ 4ജി സ്മാർട്‌ഫോൺ വിപണിയിൽ എത്തിക്കുന്നതിനെ കുറിച്ച് ഗൂഗിൾ ആലോചിക്കുന്നതായിട്ടായിരുന്നു പിച്ചൈ അന്നു സൂചന നൽകിയിരുന്നത്. 2000 രൂപയോളമായിരിക്കും ഫോണിന്റെ വിലയെന്നും പിച്ചൈ അന്നു തന്നെ സൂചന നൽകിയിരുന്നു.
ഈ വർഷം അവസാനത്തോടെ വിലകുറഞ്ഞ ജിയോ 4ജി ഹാൻഡ്‌സെറ്റ് വിപണിയിലെത്തും. ഗൂഗിൾ ബ്രാൻഡ് ഉപയോഗപ്പെടുത്തി സ്മാർട്ട്‌ഫോൺ വിപണി പിടിച്ചെടുക്കാൻ കഴിയുമെന്നാണ് റിലയൻസ് ജിയോ പ്രതീക്ഷിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിനൊപ്പം ജിയോ സിമ്മും ജിയോ സർവീസുകളും നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here