ഗുവാഹത്തി: ഫത്‌വ പുറത്തിറക്കിയ മുസ്ലീം പുരോഹിതന്‍മാര്‍ക്കെതിരെ അസമീസ് യുവഗായിക നഹീദ് അഫ്രീന്‍. തനിക്കൊരു ഫത്‌വയെയും ഭയമില്ലെന്നും സംഗീതജീവിതം തുടരുക തന്നെ ചെയ്യുമെന്നും നഹീദ് അഫ്രീന്‍ പറഞ്ഞു. ഫത്‌വക്കെതിരെ പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും യാതൊരു തരത്തിലുള്ള വിലക്കുകളെയോ ഭീഷണികളെയോ കാര്യമാക്കുന്നില്ലെന്നും നഹീദ് അഫ്രീന്‍ പറഞ്ഞു.
‘ഫത്‌വ പുറപ്പെടുവിച്ച തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ ഒരുപാട് മുസ്ലിം ഗായകര്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കലും സംഗീത ലോകത്ത് നിന്ന് വിട്ടു നില്‍ക്കരുതെന്നാണ് അവരെല്ലാം തന്നോട് പറഞ്ഞത്. തനിക്ക് കിട്ടിയ സംഗീതം ദൈവത്തിന്റെ സമ്മാനമായാണ് കണക്കാക്കുന്നത്. അത് തീര്‍ച്ചയായും ഉപയോഗിക്കണമെന്ന് തന്നെയാണ് എന്റെ തീരുമാനം’- നഹീദ് അഫ്രീന്‍ പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ നഹീദ് അഫ്രീനെതിരെ 46 മുസ്ലിം പുരോഹിതന്‍മാരാണ് ഫത്‌വ പുറത്തിറക്കിയത്. മാര്‍ച്ച് 25ന് ലങ്കയിലെ ഉദാലി സോനായ് ബിബി കോളേജില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കരുതെന്നാണ് മുന്നറിയിപ്പ്. പരിപാടി ശരിയ നിയമത്തിന് വിരുദ്ധമാണെന്നും പുതിയ തലമുറ തെറ്റിലേക്കാണ് നീങ്ങുന്നതും ഫത്‌വ പറയുന്നു.
Get real time update about this post categories directly on your device, subscribe now.