കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനെതിരെ പ്രതിഷേധം ശക്തം

കൊല്ലം: കുണ്ടറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 10 വയസുകാരി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നിരന്തരം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ജനുവരി 15നാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്തിയത്. ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പില്‍ എഴുതിയിരുന്നത്.

എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കുണ്ടറ സിഐയ്ക്ക് അന്വേഷണ ചുമതല നല്‍കിയിരുന്നെങ്കിലും ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമടക്കം പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു.

പിതാവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. പൊലീസ് വീഴ്ച ഐജി തലത്തില്‍ അന്വേഷിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.

അതേസമയം, പൊലീസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, യൂത്ത്‌കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കുണ്ടറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here