ഉത്തർപ്രദേശിൽ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയായേക്കും; ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിംഗ് റാവത്തിനു സാധ്യത; പഞ്ചാബിൽ അമരീന്ദർ സിംഗ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ദില്ലി: ഉത്തർപ്രദേശിൽ രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി ആലോചിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് രാജ്‌നാഥ് സിംഗിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ആണ് പാർട്ടി ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇന്നു ചേരുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗം കൈക്കൊള്ളും. ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കും. ഉത്തരാഖണ്ഡിൽ ആർഎസ്എസ് നേതാവ് ത്രിവേന്ദ്ര സിങ്ങ് റാവത്തിനെയാണ് മുഖ്യമന്ത്രിയായി പരിഗണിക്കുന്നത്.

ഉത്തർപ്രദേശിലെ മുഖ്യമന്ത്രിക്കസേരയിൽ നോട്ടമിട്ട് രംഗത്തുണ്ടായിരുന്ന അരഡസനിലേറെ സംസ്ഥാന നേതാക്കളെ തള്ളിക്കളഞ്ഞാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജ്‌നാഥ് സിംഗിനെ ഉത്തർപ്രദേശ് സർക്കാരിനെ നയിക്കാൻ ബിജെപി നിയോഗിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിനെ ഒരുക്കുക എന്ന ലക്ഷ്യംവച്ചാണ് ബിജെപി രാജ്‌നാഥിനെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് അടക്കമുള്ള സംസ്ഥാന നേതാക്കളെ തഴഞ്ഞാണ് ഇത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയും പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നു.

സമുദായ ധ്രുവീകരണത്തിലൂടെയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരം പിടിച്ചത്. യാദവേതര പിന്നാക്ക വിഭാഗങ്ങളുടെയും ബ്രാഹ്മണരടക്കമുളള മുന്നാക്കക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു യുപിയിലെ പ്രചാരണം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോഴും ഇതേ സമുദായ സമവാക്യം തന്നെ മുൻഗണനയിലുണ്ടാകുമെന്നും കണക്കു കൂട്ടലുണ്ടായിരുന്നു.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പഞ്ചാബിൽ ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ചാബ് അധികാരം പിടിച്ചത്. വ്യക്തമായ കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിശ്ചയിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിലെ മുഖ്യപ്രതിപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News