പനാജി: ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനു ഇന്ന് അഗ്നിപരീക്ഷ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത സർക്കാർ ഇന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. സഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്നു നടക്കും. ഗോവ ഫോർവേർഡ് പാർട്ടിയുടേയും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയിലാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. ബിജെപിക്കുള്ള പിന്തുണ അംഗീകരിച്ച ഗവർണർ സർക്കാർ രൂപീകരിക്കാൻ അനുവദിക്കുകയായിരുന്നു. ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപിച്ച ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. മനോഹർ പരീക്കറിനൊപ്പം എട്ടംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയതത്.
പ്രദേശിക പാർട്ടി എംഎൽഎമാരുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കിയതിനാൽ വിശ്വാസ വോട്ടെടുപ്പ് ബിജെപിക്കു വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. എന്നാൽ, സർക്കാരിനെ മറിച്ചിടുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ കോൺഗ്രസിനുണ്ട്. ഇതടക്കം 18 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇനിയും മൂന്നു എംഎൽഎമാർ കൂടി പാളയത്തിലെത്തിയാൽ മാത്രമേ കോൺഗ്രസിനു ഭൂരിപക്ഷം ലഭിക്കൂ.
രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയാണ് ബിജെപി ഗോവയിൽ അധികാരം പിടിച്ചത്. 40 അംഗ നിയമസഭയിൽ 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരെയും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സ്വന്തം പാളയത്തിൽ എത്തിച്ചാണ് സർക്കാരുണ്ടാക്കിയത്. 13 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്കു 3, ഗോവ ഫോർവേഡ് പാർട്ടിക്ക് 3, സ്വതന്ത്രർ 3 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. ഇതിൽ രണ്ടു സ്വതന്ത്രരാണ് ബിജെപിക്കൊപ്പം നിൽക്കുന്നത്.
അതേസമയം, ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷൻ പ്രഭാകർ ടിംബ്ൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചരണം നടത്തിയിട്ടും എംഎൽഎമാർ ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു രാജി. തെരഞ്ഞടുപ്പിൽ തങ്ങളുടെ പ്രചരണം മുഴുവൻ ബിജെപിയ്ക്ക് എതിരായിരുന്നു. എന്നാൽ ഭരണം നേടാൻ കാത്തിരുന്ന ബിജെപിയെ തങ്ങളുടെ മൂന്ന് എംഎൽഎമാർ പിന്തുണയ്ക്കാൻ തീരുമാനിച്ചു. തീരുമാനം അംഗീകരിക്കാവുന്നതല്ല. ഇനി പാർട്ടി അധ്യക്ഷ സ്ഥാനത്തു തുടരുന്നതിൽ അർത്ഥമില്ലെന്നും അതുകൊണ്ട് ഇനി തനിക്ക് പാർട്ടിയുടെ തലപ്പത്ത് ഇരിക്കാൻ കഴിയില്ലെന്നും പ്രഭാകർ ടിംബ്ൾ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here