കോഴിക്കോട്: ഹെർമൻ ഗുണ്ടർട്ട് രചിച്ചതെന്ന് കരുതുന്ന ‘കേരളനാടകം’ എന്ന കൃതി മലയാളം സർവകലാശാല പ്രസിദ്ധീകരിച്ചു. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിൽ നിന്ന് കണ്ടെടുത്ത ഗുണ്ടർട്ടിന്റെ കൈയെഴുത്ത് പ്രതിയടക്കം ഉൾപ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കേരളനാടകം ആരെഴുതി എന്ന ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിക്കുകയാണ്.

കേരളോൽപത്തിയുമായി ബന്ധപ്പെട്ട പുസ്തകമാണ് കേരളനാടകം. കൈയ്യെഴുത്ത് പ്രതിയിൽ ഗുണ്ടർട്ട് തന്നെ ആദ്യ ഭാഗത്ത് നൽകുന്ന സൂചനയനുസരിച്ച് ഇത് തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കേരള നാടകം എഴുത്തച്ഛന്റേതായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന ഉള്ളൂരിന്റെ വാദത്തെ അങ്ങനെ പുസ്തകം അംഗീകരിക്കുന്നു. ചിലപ്പോൾ കൃതി രചിച്ചത് ഗുണ്ടർട്ട് തന്നെയാകാമെന്നാണ് പുസ്തകം മുന്നോട്ട് വെക്കുന്ന വാദം.

കേരളനാടകത്തിന്റെ കൈയെഴുത്ത് പ്രതി ആദ്യമായാണ് കണ്ടെത്തുന്നത്. കൈയെഴുത്ത് പ്രതിയുടെ കാലഘട്ടം 1819 ആണെന്നാണ് കരുതുന്നത്. ഹെർമൻ ഗുണ്ടർട്ടിന്റെ വ്യവഹാര മാല, കൃഷിപ്പാട്ട്, നളചരിതം മണിപ്രവാളം തുടങ്ങിയ കൃതികളും ഗുണ്ടർട്ട് രേഖാലയ പരമ്പരയുടെ തുടർച്ചയായി മലയാള സർവകലാശാല പ്രസിദ്ധീകരിക്കും. കേരളനാടകത്തിന്റെ പ്രസിദ്ധീകരണം മലയാള സാഹിത്യരംഗത്ത് വലിയ ചർച്ചകളിലേക്കും ഗവേഷണങ്ങളിലേക്കും വഴിതെളിക്കുമെന്നാണ് കരുതുന്നത്.