ജേക്കബ് തോമസ് മാറണമെന്നു ആഗ്രഹിക്കുന്ന പലരും ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി; ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും പിണറായി; കുറ്റക്കാരനെന്നു കണ്ടാൽ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ജേക്കബ് തോമസ് മാറണമെന്നു ആഗ്രഹിക്കുന്ന പലരും ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തെ ലക്ഷ്യമാക്കിയാണ് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചത്. പക്ഷേ, ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജേക്കബ് തോമസിനെതിരായ ആരോപണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജേക്കബ് തോമസ് അഴിമതിവിരുദ്ധനായ ഉദ്യോഗസ്ഥനാണ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാനാകില്ല. അന്വേഷണം നടക്കട്ടെ. അഴിമതിക്കാരനാണെന്നു തെളിഞ്ഞാൽ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഭൂമി വാങ്ങിയത് അടക്കം ഭൂമി വാങ്ങിയെന്നു പറയുന്ന ആരോപണങ്ങൾ പരിശോധിക്കാതെ ഒന്നും പറയാനാകില്ല. ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജേക്കബ് തോമസ് എന്ന തത്ത സർക്കാരിനെയും കോടതിയെയും തിരിഞ്ഞുകൊത്തുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. കേസ് എടുക്കില്ലെന്നു നോട്ടീസ് ഇട്ടത് സർക്കാരിനെതിരാണ്. പരാതി നൽകാനെത്തിയ ആളെപ്പോലും അകത്തിടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജേക്കബ് തോമസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. തമിഴ്‌നാട്ടിലെ രാജപാളയത്തും കൊച്ചിയിലും അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നും പ്രതിപക്ഷം ആരോപിച്ചു.

കള്ളന്റെ കയ്യിൽ തന്നെ താക്കോൽ ഏൽപിച്ച അവസ്ഥയാണ് ഇപ്പോഴത്തേതെന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ എം.വിൻസന്റ് എംഎൽഎ പറഞ്ഞു. ജേക്കബ് തോമസിനു ചുവപ്പ് കാർഡ് കാണിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്നു കണ്ട് അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News