കുണ്ടറ ബലാൽസംഗവും മരണവും കൊല്ലം റൂറൽ എസ്പി അന്വേഷിക്കും; കുണ്ടറ എസ്‌ഐക്കും സസ്‌പെൻഷൻ; ബന്ധുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു മുഖ്യമന്ത്രി; അമ്മയുടെ ബന്ധു കസ്റ്റഡിയിൽ

തിരുവനന്തപുരം/കൊല്ലം: കുണ്ടറയിൽ പത്തു വയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവം കൊല്ലം റൂറൽ എസ്പി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കുട്ടി പീഡനത്തിനിരയായതായി മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, കുട്ടിയുടെ ബന്ധുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ എസ്‌ഐയെയും സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തു.

ഇന്നലെ സിഐയെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് ഇന്നു എസ്‌ഐയെയും സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ. എസ്‌ഐ രാജേഷിനെയാണ് ഇന്നു സസ്‌പെൻഡ് ചെയ്തത്. അതേസമയം, കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുടെ ബന്ധുവിനെയാണ് ഇന്നു കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

അതേസമയം, ആത്മഹത്യ ചെയ്ത പെൺകുട്ടിയുടേതെന്ന പേരിൽ കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് വ്യാജമെന്നു സംശയം ഉയരുന്നുണ്ട്. കുറിപ്പിലുള്ള കൈപ്പട കുട്ടിയുടേതല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ സംശയത്തെ തുടർന്ന് കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗിനു വിധേയയാക്കുകയും ചെയ്തിട്ടുണ്ട്.

കുറിപ്പ് ലഭിച്ച് ഒന്നരമാസത്തോളം കഴിഞ്ഞിട്ടാണ് കുറിപ്പ് പരിശോധിക്കാൻ തയ്യാറാകുന്നത്. ഇക്കഴിഞ്ഞ ജനുവരി 10നാണ് കുണ്ടറയിൽ പത്തു വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പത്തുവയസ്സുകാരി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. നിരന്തരം പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ശരീരത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ജനുവരി 15നാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടത്തിയത്. ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പിൽ എഴുതിയിരുന്നത്.

എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുണ്ടറ സിഐയ്ക്ക് അന്വേഷണ ചുമതല നൽകിയിരുന്നെങ്കിലും ഇതുവരെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തുടർന്ന് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമടക്കം പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News