മരിക്കുന്നതിനു മുമ്പ് മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു

കൊച്ചി: കൊച്ചി കായലിൽ മരിച്ച സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസ് മരിക്കുന്നതിനു മുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഗോശ്രീ പാലത്തിലേക്ക് മിഷേൽ ഒറ്റയ്ക്കു നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മിഷേലിനെ പോലൊരു പെൺകുട്ടിയെ ഗോശ്രീ പാലത്തിനടുത്ത് കണ്ടിരുന്നെന്ന സാക്ഷി മൊഴികളും ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇത്.

ഹൈക്കോടതിക്കു സമീപമുള്ള ഒരു ഫ് ളാറ്റിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. അത്ര വ്യക്തമല്ലാത്ത ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ മിഷേൽ ആണോ എന്നു മുഖവും വ്യക്തമല്ല. പക്ഷേ, വസ്ത്രത്തിന്റെ നിറവും നടപ്പു രീതിയും അത് മിഷേലാണെന്ന് തെളിയിക്കുന്നതാണ്. ഈ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത് മരണം ആത്മഹത്യയാണെന്നു തന്നെയാണ്.

സിസിടിവിയിൽ വൈകിട്ട് ഏഴു മണിക്കാണ് മിഷേലിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. നേരത്തെ സംഭവ ദിവസം അഞ്ചരയോടെ കലൂർ പള്ളിയിൽ മിഷേൽ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേൽ ഒറ്റക്കാണ് പോകുന്നത്. കേസിൽ നിർണ്ണായകമായ ഈ ദൃശ്യങ്ങൾ ഉടൻ തന്നെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. നേരത്തെ മിഷേലിനെ പോലെ ഒരാളെ ഏഴരയോടെ ഗോശ്രീ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയതായി രണ്ട് സാക്ഷികളും പറഞ്ഞിരുന്നു. മാർച്ച് ആറിന് വൈകീട്ട് കൊച്ചി വാർഫിലാണ് മിഷേലിൻറെ മൃതദേഹം കണ്ടത്.

മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. ക്രോണിൻ പൊലീസ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News