നിങ്ങളുടെ സ്മാർട്‌ഫോൺ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നാണോ നിങ്ങളുടെ സംശയം. ആർക്കും ആരുടെ ഫോണും അതിസുന്ദരമായി ഹാക്ക് ചെയ്യപ്പെടാം. പുതിയ സാഹചര്യത്തിൽ അതിനുള്ള സാധ്യതകൾ തുലോം കൂടുതലാണ് താനും. കാരണം, ഇന്നു ഒരു ശരാശരി മനുഷ്യൻ നാലു മണിക്കൂറോളം ഫോൺ ഉപയോഗിക്കുന്നുണ്ട്. വൈഫൈയിൽ ഡൗൺലോഡിംഗ് മുതൽ കോൡഗ് ചെയ്യുന്നതു വരെ ഫോൺ ഉപയോഗിക്കപ്പെടുന്നു. ഇന്നു ഒരാൾക്ക് ജീവിതത്തിൽ അവശ്യം വേണ്ട വസ്തുക്കളിൽ ഒന്നായും സ്മാർട്‌ഫോൺ കണക്കാക്കപ്പെടുന്നു.
അതുകൊണ്ടു തന്നെ ഉപയോഗത്തിനനുസരിച്ച് ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇതു തടയുന്നതിനും ഫോൺ സുരക്ഷിതമാക്കുന്നതിനും ചില എളുപ്പവഴികൾ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. അത്തരം അഞ്ച് ടിപ്‌സ് താഴെ പറയുന്നു. ഫോൺ ഹാക്കർമാരിൽ നിന്നു സുരക്ഷിതമാക്കാൻ.
1. എല്ലാ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്യുക
ആൻഡ്രോയ്ഡ് ഫോണുകളിൽ ഇതു വളരെ എളുപ്പം സാധിക്കും. കാരണം, ആൻഡ്രോയ്ഡ് ഫോണുകളിൽ മുഴുവൻ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്യുന്നതിനു സാധിക്കും. എൻക്രിപ്റ്റ് ചെയ്താൽ അതിനു ഒരു പാസ്‌വേഡോ പിൻകോഡോ സൂക്ഷിക്കേണ്ടി വരും. ഡാറ്റ എൻക്രിപ്റ്റ് ചെയ്യപ്പെട്ടതിനാൽ ഓരോ തവണയും ഫോൺ ഓൺ ആക്കുമ്പോൾ പിൻകോഡോ പാസ്‌വേഡോ നൽകേണ്ടിയും വരും. എങ്കിൽ മാത്രമേ ഡാറ്റ ഡീകോഡ് ചെയ്യപ്പെടുകയുള്ളു. അതുകൊണ്ടു തന്നെ പാസ് വേഡ് ഇല്ലാതെ തുറക്കാൻ പറ്റില്ല എന്നതിനാൽ നിങ്ങളുടെ വിവരങ്ങൾ മറ്റൊരാൾക്ക് ഡീകോഡ് ചെയ്യാനൊക്കില്ല.
2. അറിയാത്ത വൈഫൈ ഉപയോഗിക്കരുത്
കിട്ടുന്നിടത്തു നിന്നെല്ലാം വൈഫൈ ചുരണ്ടുന്ന പരിപാടി ആദ്യം നിർത്തണം. ഒരു പരിചയവുമില്ലാത്തവരുടെ പേരിലുള്ള വൈഫൈ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. സ്വന്തമായി കാശു കൊടുത്ത് ഡാറ്റ ഉപയോഗിക്കുന്നതാണ് അത്യുത്തമം. അറിയപ്പെടാത്ത ഫ്രീ വൈഫൈ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോൺ വിവരങ്ങൾ അനായാസം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തുലോം കൂടുതലാണ്.
3. അറിയപ്പെടാത്ത ആപ് സോഴ്‌സുകൾ ഉപയോഗിക്കരുത്
ആൻഡ്രോയ്ഡിൽ ആണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിളിൽ ആണെങ്കിൽ ആപ് സ്റ്റോറുമാണ് അംഗീകൃത ആപ് സോഴ്‌സുകൾ. ഇവ ഉപയോഗിച്ചു മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. ഇന്നു അറിയപ്പെടാത്ത വെബ് ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു വരുന്ന ഒത്തിരി മെയിലുകളും വെബ്‌സൈറ്റുകളും ഉണ്ട്. അതു ചെയ്യരുത്. അസ്സൽ പണികിട്ടും.
4. ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുക
വെബ്‌സൈറ്റുകൾ സന്ദർശിച്ച് ഓരോന്നു ഡൗൺലോഡ് ചെയ്യുന്നവരുടെ ഫോണിൽ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഒരു ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതായിരിക്കും. എവിജി ഫ്രീ, അവാസ്ത് എന്നിവ ഇതിൽ മികച്ചതാണ്. മൊബൈൽ ബ്രൗസറുകളെ സുരക്ഷിതമാക്കാൻ ഇതിലും മികച്ച മാർഗം മറ്റൊന്നില്ല.
5. അപ് ടു ഡേറ്റ് ആയിരിക്കുക
ഫോണും സോഫ്റ്റ്‌വെയറും ആപ്പുകളും എപ്പോഴും അപ് ടു ഡേറ്റ് ആണെന്നു ഉറപ്പുവരുത്തണം. അല്ലെങ്കിൽ സുരക്ഷാവീഴ്ചയുണ്ടാകുമെന്നു ആപ് ഡെവലപ്പർമാർ തന്നെ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് വളരെ സേഫ് ആയ വൈഫൈയിൽ കയറുക, എല്ലാം അപ്‌ഡേറ്റ് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.