മോദി ഭരണത്തിന് കീഴില്‍ ദളിത് എഴുത്തുകാര്‍ ഭീഷണി നേരിടുന്നു; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും; മറാത്തി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാലെ പീപ്പിള്‍ ടിവിയോട് | Exclusive Interview

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ദളിത് സാഹിത്യകാരന്‍മാര്‍ ഭീഷണി നേരിടുകയാണെന്ന് പ്രമുഖ മറാത്തി ദളിത് സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാലെ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പീപ്പിള്‍ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരം ഭീഷണികളെ ഗുണപരമായാണ് താന്‍ കാണുന്നത്. ഭീഷണി ഉണ്ടാകുമ്പോള്‍ അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ന്നുവരുമെന്നും അത് ദളിത് വിഭാഗത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മതങ്ങള്‍ വ്യക്തി ജീവിതത്തെ നശിപ്പിക്കുകയാണ്. ജനാധിപത്യമാണ് തന്റെ മതമെന്നും ശരണ്‍കുമാര്‍ ലിംബാലെ അഭിപ്രായപ്പെട്ടു.

ദൈവത്തേക്കാള്‍ മനുഷ്യനാണ് വലുതെന്നും, മനുഷ്യശക്തിയിലാണ് തനിക്ക് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ദളിതര്‍ക്ക് സാമൂഹിക നീതിയും, സ്വാതന്ത്ര്യവും ലക്ഷ്യമിട്ടാണ് തന്റെ രചനകളും പ്രവര്‍ത്തനവുമെല്ലാം. എഴുത്തുകാരന്‍ എന്നതിലപ്പുറം ദളിത് എഴുത്തുകാരന്‍ എന്നറിയപ്പെടാനാണ് താനിഷ്ടപ്പെടുന്നതെന്നും മറിച്ചായാല്‍ തന്റെ സ്വത്വം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ദളിത് സാഹിത്യത്തിന് മികച്ച ഭാവിയാണുള്ളത്. ഇത് രാജ്യത്ത് കാതലായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും ലിംബാലെ അഭിപ്രായപ്പെട്ടു.

കേരളസര്‍വ്വകലാശാലയില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സംഘടിപ്പിച്ച ദളിത് സാഹിത്യത്തെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 1984ല്‍ ലിംബാലെ എഴുതിയ ജീവചരിത്ര നോവല്‍ അക്കാര്‍മാഷി ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ദളിതന്റെ ദയനീയ ജീവിതാവസ്ഥ തുറന്നു കാണിക്കുന്നതാണ് അക്കാര്‍മാഷി. വിവിധ ഭാഷകളിലേക്ക് നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News