യുപിയിലെ മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന് ബിജെപി; അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; അധികാരത്തിലേറിയ ബിജെപി തനിനിറം കാണിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ മുസ്ലീങ്ങള്‍ നാടുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയുടെ പേരില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ജിയാന്‍ഗല എന്ന സ്ഥലത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ ബിജെപി എംപിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.

ഈ വര്‍ഷത്തിനുള്ളില്‍ നാടുവിട്ടു പോകണമെന്നാണ് പോസ്റ്ററിലെ നിര്‍ദേശം. നാടുവിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ ഭീഷണി മുഴക്കുന്നു. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റ ശേഷം ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. ട്രംപ് അമേരിക്കയില്‍ നടപ്പാക്കിയത് തങ്ങള്‍ ഇവിടെ നടപ്പാക്കുകയാണെന്നും കാരണം ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നെന്നും പോസ്റ്ററില്‍ പറയുന്നു. ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വാര്‍ത്തയായതോടെ പൊലീസ് കേസെടുക്കുകയും അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രദേശത്തെ ഇരുനൂറില്‍ അധികം ഗ്രാമങ്ങളിലായി 2,500 ഓളം മുസ്ലിം കുടുംബങ്ങളാണ് താമസിക്കുന്നത്. സമാധാനപരമായിട്ടാണ് തങ്ങള്‍ ഇവിടെ കഴിയുന്നതെന്നും അത് തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണ് ഗ്രാമവാസികളുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here