സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും എക്‌സ്പ്രസ് ട്രെയിനും ഇനി കര്‍ഷകന് സ്വന്തം; ജപ്തി ചെയ്തത് നഷ്ടപരിഹാരത്തുക നല്‍കാത്തതിനെ തുടര്‍ന്ന്; കോടതി വിധി നടപ്പാക്കിയത് ലുധിയാനയില്‍

ലുധിയാന : ലുധിയാന റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും ദില്ലി – അമൃത്സര്‍ സ്വര്‍ണ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനും ഇനി ലുധിയാനക്കാരനായ കര്‍ഷന് സ്വന്തം. കോടതി വിധി അനുസരിച്ചാണ് ട്രെയിന്‍ ജപ്തി ചെയ്തത്. റെയില്‍വെ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയതിന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി.

ലുധിയാനയിലെ കര്‍ഷകനായ സമ്പൂരാന്‍ സിങ്ങ് ആണ് ട്രെയിന്‍ ജപ്തി ചെയ്തത്. അഭിഭാഷകനൊപ്പം ലുധിയാ സ്റ്റേഷനില്‍ എത്തിയാണ് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. ലുധിയാന സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ജപ്തി ചെയ്ത വകയില്‍ ഉള്‍പ്പെടുന്നു.

ഭൂമി വിട്ടുനല്‍കിയ വകയില്‍ 1.05 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി 2015ല്‍ വടക്കന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. എന്നാല്‍ റെയില്‍വേ ഇത് നല്‍കിയില്ല. തുടര്‍ന്നാണ്, അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജസ്പാല്‍ വര്‍മ്മ അപൂര്‍വമായ വിധിയിലൂടെ ട്രെയിന്‍ നമ്പര്‍ 12030 സ്വര്‍ണ ശതാബ്ദി ട്രെയിന്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.

ബുധനാഴ്ച വൈകിട്ട് ട്രെയിന്‍ ലുധിയാന സ്റ്റേഷനില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സമ്പൂരാനും അഭിഭാഷകന്‍ രാകേഷ് ഗാന്ധിയും സ്റ്റേഷനിലെത്തി. 6.55ഓടെ ട്രെയിന്‍ എത്തിയപ്പോള്‍ കോടതി ഉത്തരവ് അവര്‍ ലോക്കോ പൈലറ്റിന് കൈമാറി. അഞ്ച് മിനിറ്റുകൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ ട്രെയിന്‍ തടയാന്‍ കര്‍ഷകന്‍ തയാറായില്ല. ട്രെയിന്‍ തടയുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാല്‍ അത് ഒഴിവാക്കുന്നുവെന്ന് സമ്പൂരാന്‍ പറഞ്ഞു.

ലുധിയാന – ചണ്ഡിഗഢ് റെയില്‍വേ ലൈനിന് വേണ്ടി 2007ല്‍ ആണ് സമ്പൂരാന്റെ ഉള്‍പ്പെടെയുള്ള ഭൂമി ഏറ്റെടുത്ത്. ഏക്കറിന് 25 ലക്ഷം എന്ന നഷ്ടപരിഹാര തുക കോടതി 50 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതുപ്രകാരം സമ്പൂരാന് 1.47 കോടി രൂപ റെയില്‍വേ നല്‍കണം.

എന്നാല്‍ 42 ലക്ഷം മാത്രമാണ് റെയില്‍വേ നല്‍കിയത്. ഇതോടെയാണ് ബാക്കി തുകയ്ക്കായി കര്‍ഷകന്‍ 2012ല്‍ നിയമനടപടി സ്വീകരിച്ചത്. നഷ്ടപരിഹാര തുകയില്‍ ബാക്കിയുള്ളത് 2015 ജനുവരിക്കുള്ളില്‍ നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് വീണ്ടും ആരംഭിച്ച കോടതി നടപടി ജപ്തിയില്‍ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News