439 റോഡുകളുടെ നിര്‍മ്മാണത്തിന് അനുമതി; അംഗീകാരം ആയിരം കോടിയുടെ പ്രവര്‍ത്തികള്‍ക്ക്; ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിലെ 439 റോഡ് പ്രവൃത്തികള്‍ക്ക് 1000 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിതായി മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പിലെ അഡ്മിനിട്രേറ്റീവ് സാംഗ്ഷന്‍ കമ്മിറ്റി 140 റോഡുകള്‍ക്ക് 171 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതിന് പുറമെയാണിത്. ആകെ ഈ സാമ്പത്തിക വര്‍ഷം 1170 കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുമതി നല്‍കി.

ഇപ്പോള്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ക്കായി പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റുകളും വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ സൂക്ഷ്മ പരിശോധന നടത്തി. നിര്‍ദ്ദേശിച്ച മാറ്റങ്ങളോടെ എസ്റ്റിമേറ്റുകള്‍ നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അവ പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിയത്. ഈ എസ്റ്റിമേറ്റുകള്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സാങ്കേതികാനുമതി നല്‍കാവൂ എന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് അനുമതി നല്‍കിയത്. ഇതില്‍ ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വിവേചനമില്ലാതെ, ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ആവശ്യകതയ്ക്ക് അനുസരിച്ച് തുക അനുവദിച്ചു. റോഡ് പ്രവൃത്തികള്‍ക്കെല്ലാം അടിയന്തിരമായി സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മെയ് മാസത്തോടെ പണികള്‍ പൂര്‍ത്തീകരിക്കും. റോഡുകളുടെ നിര്‍മ്മാണത്തില്‍ ആധുനിക സൗകര്യങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here