വര്‍ഗീയധ്രുവീകരണം തടയാന്‍ ജനമൈത്രി പൊലീസിംഗ് ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആശയ വൈരുധ്യങ്ങളുടെ പേരില്‍ ജനങ്ങള്‍ വിഘടിക്കുന്നത് ആശാസ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം തടയാന്‍ ജനമൈത്രി പൊലീസിംഗ് ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്യൂണിറ്റി പൊലീസിംഗ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ചചെയ്യുന്നതിനായി കേരളാ പൊലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൗലികവാദപ്രവണതകളും വിധ്വംസകപ്രവര്‍ത്തനങ്ങളും തടയുന്നതില്‍ കമ്യൂണിറ്റി പൊലീസിംഗ് സംവിധാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ആശയപരമായ വൈരുധ്യങ്ങളുടെ പേരില്‍ ജനങ്ങള്‍ വിഘടിക്കുന്നത് ആശാസ്യമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 21ഓളം ചെറുപ്പക്കാര്‍ നാടുവിട്ടത് ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൗലികവാദത്തിന്റെ പേരില്‍ ദേശവിരുദ്ധപ്രവണതകളില്‍ ഏര്‍പ്പെടുന്നവരെ പിന്തിരിപ്പിക്കാനും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനമൈത്രി ബീറ്റ് പൊലീസുകാര്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിയമത്തെക്കുറിച്ച് അവബോധമില്ലാതെയാണ് പലരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. പക്ഷേ, അജ്ഞതയുടെ പേരില്‍ കുറ്റവാളികളെ വെറുതെ വിടാനുമാകില്ല. ഇവിടെയാണ് പൊലീസ് ഇടപെടലിന്റെ പ്രസക്തി. പൊലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകും. ഇത് മുന്നില്‍ക്കണ്ടാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജനമൈത്രി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News