ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ഡെന്‍സണ്‍ ആത്മഹത്യക്ക് ശ്രമിച്ചത് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച്

തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം. വടക്കാഞ്ചേരി സ്വദേശി തെക്കേത്തല ഡിറ്റോയുടെ മകനും മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയുമായ ഡെന്‍സണെയാണ് കൈത്തണ്ട മുറിച്ച നിലയില്‍ കണ്ടെത്തിയത്.

കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സര്‍വ്വകലാശാല പരീക്ഷയെഴുതുന്നതില്‍ നിന്ന് കോളേജ് അധികൃതര്‍ വിലക്കിയതോടെ ഡെന്‍സണ്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ നിന്നാണ് വേണ്ടത്ര ഹാജരില്ലെന്ന പേരില്‍ ഡെന്‍സണെ ഒഴിവാക്കിയതെന്നും സഹപാഠികള്‍ പറയുന്നു.

എന്നാല്‍, വേണ്ടത്ര അറ്റന്‍ഡന്‍സ് ഇല്ലാത്തതിനാല്‍ യൂണിവേഴ്‌സിറ്റിയാണ് പരീക്ഷയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിലക്കിയതെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു. അച്ചടക്കലംഘനങ്ങള്‍ നടത്തിയതിന് മുന്‍പ് നടപടി സ്വീകരിച്ച ശേഷം ഡെന്‍സണ്‍ പതിവായി ക്ലാസില്‍ വരാറില്ലായിരുന്നുവെന്നും ഹാജരില്ലാത്തതിനാല്‍ സര്‍വ്വകലാശാലയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു. അടിപിടി കേസുകള്‍ ഉള്‍പ്പെടെ ചുമത്തപ്പെട്ട ഡെന്‍സണെ കോളേജ് ഹോസ്റ്റലില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നുവെന്നും കോളേജ് വിശദീകരിച്ചു.

അതേസമയം, ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡെന്‍സന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News