സംസ്ഥാന കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു; നടപടി ദേശീയ ഗെയിംസ് അഴിമതിയെ തുടര്‍ന്ന്; ഉത്തരവിറക്കിയത് ദേശീയ ഫെഡറേഷന്‍

ആലപ്പുഴ: സംസ്ഥാന കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷന്‍ പിരിച്ചുവിട്ടു. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ പ്രധാന കാരണം. ദേശീയ ഫെഡറേഷനാണ് ഇതുസംബന്ധിച്ച പിരിച്ചുവിടല്‍ ഉത്തരവ് ഇറക്കിയത്.

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ഏകദേശം 12 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്. ഇതുസംബന്ധിച്ചുളള വിജിലന്‍സ് കേസ് നിലനില്‍ക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയെ നിരവധി തവണ ദേശീയ ഫെഡറേഷന്‍ വിശദവിവരങ്ങള്‍ ആരായുന്നതിനായി രേഖമൂലം വിളിച്ചെങ്കിലും ഹാജരായില്ല. എന്നാല്‍ ഫെഡറേഷന്റെ അറിയിപ്പ് തിരസ്‌ക്കരിക്കുകയും ദേശീയ ഫെഡറേഷനെതിരെ നോട്ടീസ് അയക്കുകയും ചെയ്ത സെക്രട്ടറിയുടെ നടപടിയാണ് പുറത്താക്കലിന് വഴിവെച്ചത്.

ആലപ്പുഴയില്‍ നടന്ന തുഴച്ചില്‍ മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തണ്ണീര്‍തട സംരക്ഷണനിയമം കാറ്റില്‍പറത്തി ബോട്ട് ഹൗസ് നിര്‍മ്മിച്ചതും മത്സരത്തിനായി വാങ്ങിയ ബോട്ടുകളുടെ ഇറക്കുമതിയിലും വന്‍ അഴിമതിയാണ് നടന്നിട്ടുളളത്. ഇതിന്റെ പേരിലും വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്. 2008നു ശേഷം അസോസിയേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടോ കണക്കുകളോ ഭാരവാഹികളുടെ പട്ടികയോ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കയിട്ടില്ല. ഇത് വര്‍ഷാവര്‍ഷം പുതുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരത്തിലുളള വ്യാജ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിനും ദേശീയ ഫെഡറേഷനും നല്‍കി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കബളിപ്പിക്കുകയായിരുന്നു.

മാത്രമല്ല, പുതിയ സ്‌പോര്‍ട്ട്‌സ് ആക്ട് പ്രകാരം സാധാരണയായി പത്ത് ജില്ലകളില്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കണമെന്നാണ്. എന്നാല്‍ ഒരു ജില്ലയില്‍ പോലും നിയമം നടപ്പിലാക്കാന്‍ സംസ്ഥാന ഭരണസമിതി നടപടിയെടുത്തില്ല. അസോസിയേഷന്റെ ഭരണ നടത്തിപ്പിനും കായിക മത്സര നടത്തിപ്പിനുമായി കോടികളാണ് കൈപറ്റിയിട്ടുളളത്. ഇതിനും വ്യക്തമായ കണക്ക് നല്‍കിയിട്ടില്ല. അഴിമതിയാരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ ഭരണസമിതിക്ക് പകരം ഇന്‍ടേം കമ്മിറ്റിക്ക് ദേശീയ ഫെഡറേഷന്‍ ചുമതല നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News