കൊട്ടിയൂർ പീഡനം; ഫാദർ തോമസ് തേരകം കീഴടങ്ങി; കൂട്ടുപ്രതികളായ കന്യാസ്ത്രീകളും കീഴടങ്ങി; കീഴടങ്ങിയത് പേരാവൂർ സിഐയ്ക്കു മുന്നിൽ

കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകം കീഴടങ്ങി. പേരാവൂർ സിഐ സുനിൽകുമാർ മുമ്പാകെയാണ് കീഴടങ്ങിയത്. കേസിലെ ഒമ്പതാം പ്രതിയാണ് ഫാദർ തോമസ് ജോസഫ് തേരകം. വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ഫാദർ തോമസ് ജോസഫ് തേരകവും പ്രതി ചേർക്കപ്പെട്ടത്.

ഫാദർ തോമസ് തേരകത്തിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട കന്യാസ്ത്രീകളും കീഴടങ്ങിയിട്ടുണ്ട്. സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ബെറ്റി ജോസ്, തങ്കമ്മ തോമസ് എന്നിവരാണ് കീഴടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഫാദർ തോമസ് തേരകവും കന്യാസ്ത്രീകളും കീഴടങ്ങണമെന്നു നിർദേശിച്ചിരുന്നു. അഞ്ചുദിവസമാണ് ഇവർക്ക് കീഴടങ്ങാൻ ഹൈക്കോടതി അനുവദിച്ചിരുന്നത്. ഇന്നു കീഴടങ്ങുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ ചേർത്ത സമയത്ത് പെൺകുട്ടിയുടെ പ്രായം തിരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ശിശുക്ഷേമ സമിതിയിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചപ്പോൾ പ്രായം 16 എന്നതു തിരുത്തി 18 ആക്കിയത് തോമസ് തേരകമായിരുന്നു. ഇതു ചട്ടലംഘനമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഫാദറിനെ തൽസ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

ദത്തെടുക്കൽ കേന്ദ്രം സൂപ്രണ്ടായ സിസ്റ്റർ ഒഫീലിയ കേസിലെ എട്ടാം പ്രതിയാണ്. നവജാത ശിശുവിനെ ലഭിച്ചിട്ടും പൊലീസിനെ അറിയിച്ചില്ലെന്നതാണ് ഇവർക്കെതിരായ കുറ്റം. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നു പൊലീസ് കണ്ടെത്തി. സിസ്റ്റർ ബെറ്റി ജോസും ഇതേ ദത്തെടുക്കൽ കേന്ദ്രത്തിലാണ്. സിസ്റ്റർ ഒഫീലിയയ്ക്ക് ഇവരായിരുന്നു കൂട്ട്. ദത്തെടുക്കൽ കേന്ദ്രത്തിലെ സഹായിയാണ് തങ്കമ്മ തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News