മിഷേലിന്റെ മരണം; പൊലീസിനു വീഴ്ച പറ്റിയോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നു ഡിജിപി; ക്രൈംബ്രാഞ്ചിനു എല്ലാ സഹായവും നൽകും

കൊച്ചി: മിഷേലിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസിനു വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിനു വേണ്ട എല്ലാ സഹായങ്ങളും പൊലീസ് ചെയ്തു കൊടുക്കുമെന്നു ഡിജിപി അറിയിച്ചു. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇതുവരെയുള്ള കേസ് അന്വേഷണത്തിന്റെ മുഴുവൻ രേഖകളും എറണാകുളം സെൻട്രൽ പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറി. അതേസമയം, സംഭവത്തിൽ കൃത്യവിലോപം കാട്ടിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്‌ഐ എസ്.വിജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷണർ നിദേശിച്ചിരുന്നു.

സെൻട്രൽ സ്റ്റേഷനിൽ ജിഡി ചാർജുണ്ടായിരുന്ന സീനിയർ സിപിഒ അബ്ദുൾ ജലീലിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എസിപി കെ ലാൽജിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി എസിപി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

മിഷേലിനെ കാണാതായ അഞ്ചിനു രാത്രിതന്നെ മാതാപിതാക്കൾ സ്റ്റേഷനിൽ പരാതിയുമായെത്തിയെങ്കിലും പിറ്റേദിവസം വൈകിട്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മിഷേലിന്റെ മാതാപിതാക്കൾ പരാതിയുമായെത്തിയപ്പോൾ അതിന്റെ ഗൗരവം ബോധ്യപ്പെട്ട് നടപടി സ്വീകരിക്കാൻ ജിഡി ചാർജിനായില്ല. രാത്രിതന്നെ സംഭവം അറിഞ്ഞ സ്റ്റേഷൻ ചാർജുണ്ടായിരുന്ന എസ്‌ഐ വിജയശങ്കർ നാളെ പരിഗണിക്കാമെന്ന് ജിഡി ചാർജിനോട് പറഞ്ഞെന്നാണ് വിവരം. പിറ്റേദിവസമാകട്ടെ വൈകിട്ടോടെയാണ് എഫ്‌ഐആർ തയ്യാറാക്കിയതും. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് എസിപിയുടെ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News