‘ഗോവയിൽ മറ്റൊരു സാഹസികയാത്ര പോകുന്നു’; കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്; വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി

ലണ്ടൻ: വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ഗോവയിൽ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് രാജ്യം. തുടർച്ചയായ രണ്ടാമത്തെ സംഭവം ബ്രിട്ടനിൽ വലിയ രീതിയിലുള്ള ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. എട്ടുവർഷം മുമ്പ് മറ്റൊരു ബ്രിട്ടീഷുകാരിയായ പതിനഞ്ചുകാരിയും ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഗോവ വിനോദസഞ്ചാര മേഖലയും ആശങ്കയിലാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗോവയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളെ അകറ്റുമെന്നാണ് ആശങ്ക.

ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് യുവതി അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ശേഷം കൊല്ലപ്പെട്ടത്. ഡാനിയേലെ മക്ലോഗ്ലി എന്ന 28കാരിയാണ് ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. തെക്കൻ ഗോവയിലെ കാങ്കോണയിൽ ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ഡാനിയേലെയുടെ മൃതദേഹം കാണപ്പെട്ടത്. ഗോവയിലേക്കു മറ്റൊരു സാഹസികയാത്ര പോകുന്നെന്നായിരുന്നു ഡാനിയേലെയുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ യുവതിയാണ് താനെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഐറിഷ്-ബ്രിട്ടീഷ് പൗരത്വങ്ങളുള്ള ആളാണ് കൊല്ലപ്പെട്ട ഡാനിയേലെ. അയർലൻഡിൽ ജനിച്ച് ബ്രിട്ടനിലെ ലിവർപൂളിലാണ് ഡാനിയേലെ താമസം. ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു സുഹൃത്തുക്കൾക്കൊപ്പം ഫെബ്രുവരി 23നാണ് ഡാനിയേലെ ഗോവയിലെത്തിയത്. ബ്രിട്ടിഷ് പാസ്‌പോർട്ട് ഉപയോഗിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ആഗോണ്ടയിലും പാറ്റ്‌നെമിലും താമസിച്ചശേഷമാണ് പാലോലെമിലെ റിസോർട്ടിലെത്തിയത്. ഇവിടെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.

ഏറെ നാൾ നീണ്ട തെരച്ചിലിനൊടുവിൽ പാലോലെമിൽനിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിൽ ചൊവ്വാഴ്ച രാവിലെ ഡാനിയേലെയുടെ മൃതദേഹം കണ്ടെത്തി. ഒരു കർഷകനാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ഡാനിയേലെയുടേതാണെന്നു തിരിച്ചറിഞ്ഞത്. നഗ്‌നമാക്കപ്പെട്ട മൃതദേഹത്തിൽ മുഖം ബിയർകുപ്പികൊണ്ട് കുത്തിക്കീറി വികൃതമാക്കിയിരുന്നു. യുവതി ലൈഗീകപീഡനത്തിന് ഇരയാക്കപ്പെട്ടതായും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി.

മൃതദേഹത്തിനു സമീപത്തുനിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിരുന്നു. വൈകാതെ തന്നെ പ്രതിയെയും ഗോവ പൊലീസ് പിടികൂടി. വികാസ് ഭഗത് എന്ന 24കാരനാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, ഡാനിയേലെയെ പിന്തുടരുന്ന വികാസിനെ ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

2008 ഫെബ്രുവരി 18ന് അൻജുന ബീച്ചിൽ സമാനമായ സാഹചര്യത്തിൽ ഷാർലെറ്റ് കീലിംങ് എന്ന പതിനഞ്ചുകാരിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലചെയ്തിരുന്നു. ഈ കേസിൽ പ്രതികളായ യുവാക്കളെ തെളിവുകളുടെ അപര്യാപ്തതമൂലം ഗോവയിലെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു ദുരന്തം. വിദേശികൾക്ക് ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ രണ്ടാമതും ഉണ്ടായ കൊലപാതകം വിനോദസഞ്ചാര സാധ്യതകൾക്ക് മങ്ങലേൽപിക്കുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here