കുണ്ടറയിലെ പെൺകുട്ടി മരിക്കുന്നതിനു മൂന്നുദിവസം മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടു; പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ

കൊല്ലം: കുണ്ടറയിലെ പെൺകുട്ടി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം വരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി മൊഴി. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിനു മൂന്നുദിവസം മുമ്പ് വരെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഡോക്ടറുടെ മൊഴി. പെൺകുട്ടി പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായും പോസ്റ്റ്‌മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ പൊലീസിനു മൊഴി നൽകി. കുട്ടിയുടെ ശരീരത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.

അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കൾ ബന്ധുക്കൾ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ പൊലീസിനു പ്രതിയുടെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ മൊഴി എടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സഹോദരി ചോദ്യം ചെയ്യലിനോടു കാര്യമായി പ്രതികരിച്ചില്ല.

മരിച്ച പെൺകുട്ടിയുടെ അമ്മ അടക്കം ഒമ്പതു പേരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ, കസ്റ്റഡിയിൽ കഴിയുന്ന അമ്മയും അമ്മയുടെ പിതാവും അടക്കം ആരും ചോദ്യം ചെയ്യലിനോടു കാര്യമായി പ്രതികരിക്കുന്നില്ല. ബന്ധുക്കളിൽ നിന്നു ഒരുതരത്തിലുള്ള സഹകരണവും ലഭിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ളവർ എല്ലാവരും പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് ചോദ്യം ചെയ്യലിൽ നൽകുന്നത്. ഇതിനാൽ തന്നെ മരിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ മൊഴി നിർണായകമാകും.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടിയുടെ സഹോദരി കഴിയുന്നത്. ഈ കുട്ടിയെ കൗൺസിലിംഗ് നടത്തിയ ശേഷം മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചു. എന്നാൽ, ചോദ്യങ്ങളോട് പെൺകുട്ടി കാര്യമായി പ്രതികരിച്ചില്ല. പെൺകുട്ടിയുടെ കൃത്യമായ മൊഴി ലഭിച്ചാൽ പ്രതിയെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെൺകുട്ടിക്ക് ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായിരന്നെന്നും, ഇതിന്റെ അലർജിയിൽ പെൺകുട്ടി സ്വയം വരുത്തിയ മുറിവുകളായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ മൊഴി.

അമ്മയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിച്ചേക്കും. പെൺകുട്ടിയുടെ അടുത്ത ബന്ധു അടക്കം രണ്ടു പേരെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News