കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജി ആത്മഹത്യ ചെയ്തതു തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ആൺസുഹൃത്ത് ക്രോണിന്റെ സമ്മർദ്ദമാണ് മരണത്തിനു കാരണമെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ഇതു തെളിയിക്കുന്ന ചില തെളിവുകൾ പൊലീസിനു കിട്ടിയിട്ടുണ്ട്. ക്രോണിന്റെ ഫോണിൽ നിന്ന് ഇത്തരം ചില സന്ദേശങ്ങൾ പൊലീസിനു ലഭിക്കുകയും ചെയ്തു.
മിഷേൽ അയച്ച സന്ദേശങ്ങളാണ് ക്രോണിന്റെ ഫോണിൽ നിന്നു കണ്ടെടുത്തിട്ടുള്ളത്. മിഷേൽ മരിച്ച ദിവസവും ക്രോണിൻ പലതവണ മിഷേലിന്റെ ഫോണിലേക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. പ്രണയത്തിലായിരുന്ന ക്രോണിനുമായി ദീർഘകാലത്തിനു ശേഷം പിരിയാൻ മിഷേൽ തീരുമാനിച്ചിരുന്നു. ഇതിനൊടുവിലാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് മിഷേൽ എത്തിയതെന്നു സൂചനയുണ്ട്. മിഷേൽ മരിച്ച ദിവസം ക്രോണിൻ വിളിച്ചിട്ട് മിഷേൽ ഫോൺ എടുക്കാതിരുന്നതോടെ ക്രോണിൻ മെസേജ് അയച്ചു. തന്നെ ഒഴിവാക്കിയാൽ തന്റെ ശവം കാണേണ്ടിവരും എന്നായിരുന്നു സന്ദേശം. ഇതിന് ഞാനൊരു തീരുമാനമെടുത്തുവെന്നും നീയത് തിങ്കളാഴ്ച അറിയുമെന്നും മിഷേൽ തിരിച്ചയച്ചു. ഇതാണ് മിഷേലിന്റെ അവസാന സന്ദേശം. ഇതാണ് ആത്മഹത്യ എന്ന നിഗമനത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
മിഷേൽ ക്രോണുമായി നിരന്തരം കലഹിച്ചിരുന്നു എന്ന് സുഹൃത്തുക്കളുടെ മൊഴിയിൽ നിന്നു വ്യക്തമായിട്ടുണ്ട്. മറ്റാരുമായും മിഷേൽ സംസാരിക്കുന്നതു പോലും ക്രോണിന് ഇഷ്ടമായിരുന്നില്ല. ക്രോണിന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് മിഷേൽ പരാതി പറഞ്ഞിരുന്നതായി ചെന്നൈയിലുള്ള കൂട്ടുകാരി പൊലീസിന് മൊഴി നൽകി. ചെന്നൈയിൽ പോയി ഉപരിപഠനം നടത്താൻ ഇഷ്ടപ്പെട്ടിരുന്ന മിഷേലിനെ തടഞ്ഞത് ക്രോണിൻ ആയിരുന്നു. കൊച്ചിയിൽ എത്തി മിഷേലിനെ കണ്ട സമയത്ത് ക്രോൺ മിഷേലിനെ തല്ലിയതായും സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.
മിഷേലിനെ കാണാതായ ഞായറാഴ്ച മുതൽ ക്രോണിൻ മിഷേലിന്റെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കോൾ എടുക്കാൻ മിഷേൽ തയാറാകാതെ വന്നതോടെ ക്രോൺ മിഷേലിന്റെ അമ്മയെ വിളിക്കുകയും മിഷേൽ ഫോൺ എടുക്കുന്നില്ല എന്നു പറയുകയും ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോഴാണ് മിഷേലിനോട് നീ എന്നെ ഒഴിവാക്കിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ക്രോൺ പറഞ്ഞത്. കലഹം മൂർച്ഛിച്ചതോടെ എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് പറഞ്ഞ് മിഷേൽ വ്യക്തമാക്കി.
സംഭവ ദിവസം മിഷേൽ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഗോശ്രീ പാലത്തിലൂടെ ഒരു പെൺകുട്ടി നടന്നു പോകുന്നത് താൻ കണ്ടുവെന്നും പാലത്തിനു നടുവിലെത്തിയപ്പോൾ കാണാതായെന്നും ഒരാൾ പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇയാളുമായി പൊലീസ് പാലത്തിലെത്തി തെളിവെടുപ്പും നടത്തി. ഇതിനിടെയാണ് മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന കൂടുതൽ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
ഹൈക്കോടതി ജംഗ്ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്ത് കൂടി മിഷേൽ ഒറ്റക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃക്‌സാക്ഷി പാലത്തിൽ വച്ച് പെൺകുട്ടിയെ കണ്ടതിന് ഏതാനും നിമിഷങ്ങൾ മുൻപുള്ള ദൃശ്യങ്ങളാണിത് .ഇതിനിടെ കസ്റ്റഡിയിലുള്ള ക്രോണിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. ആത്മഹത്യ തന്നെയണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും മറ്റു സാധ്യതകളും അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് തേടുന്നുണ്ട്. കലൂർ പള്ളി മുതൽ ഗോശ്രീ പാലം വരെ മിഷേൽ സഞ്ചരിച്ച വഴിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here