ബാറുടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി തട്ടാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണം മംഗളൂരിലെ അധോലോക സംഘത്തെ കേന്ദ്രീകരിച്ച്

കാസര്‍കോട്: ബാറുടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മംഗലൂരിലെ അധോലോക സംഘമാണ് ഇതിന് പിന്നില്‍. കേസന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കേരളാതിര്‍ത്തിയായ തലപ്പാടിയില്‍ ബാര്‍ നടത്തുന്ന കമ്പള മുട്ടം സ്വദേശിയായ ശ്രീധര്‍ ഷെട്ടിയെയാണ് നാലംഗ സംഘം കഴിഞ്ഞ മാര്‍ച്ച് മൂന്നിന് രാത്രിയില്‍ വീട്ടിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സംഘം മടങ്ങുകയായിരുന്നു. കാസര്‍കോട് രജിസ്‌ട്രേഷനുള്ള സ്വിഫ്റ്റ് കാറിലാണ് ഇവര്‍ വന്നത്.

സിസിടിവിയില്‍ കാറിന്റെയും സംഘാംഗങ്ങളുടെയും ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുവാന്‍ സാധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലക്കാരായ ചിലരുടെ സഹായവും സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ പൊലീസ് വലയിലാണ്. പണം ആവശ്യപ്പെട്ട്
ഒരു മാസത്തിലേറെയായി സംഘം ശ്രീധര്‍ ഷെട്ടിയെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. വീട്ടിലെത്തി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഷെട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്.

സിഐ മനോജ് ആണ് കേസ് അന്വേഷിക്കുന്നത്. കര്‍ണ്ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതികള്‍ വൈകാതെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here