കുബേര കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒരു ലക്ഷം രൂപ; എറണാകുളം നോര്‍ത്ത് സിഐ ടിബി വിജയനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കുബേര കേസ് ഒതുക്കിത്തീര്‍ത്തതിന് എറണാകുളം നോര്‍ത്ത് സിഐ ടിബി വിജയനെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസൊതുക്കിയ സംഭവത്തില്‍ കൊച്ചി ഐജിയാണ്, സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.

എറണാകുളം നോര്‍ത്തില്‍ പലിശക്ക് പണമിടപാട് നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി ചെല്ല മുത്തുവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് വിജയനെ സസ്‌പെന്‍ഡ് ചെയ്തത്. ലൈസന്‍സില്ലാതെ പണമിടപാട് നടത്തിയിരുന്ന ചെല്ലമുത്തുവിനെതിരെ കേസെടുത്ത് നടപടിയെടുക്കേണ്ടതിന് പകരം, ലൈസന്‍സില്ലെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ വിജയന്‍ പണം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കൊച്ചി റേഞ്ച് ഐജി പി വിജയന്‍, സിഐയെ സസ്‌പെന്‍ഡ് ചെയ്തത്. സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീര്‍ത്തതുമായി ബന്ധപ്പെട്ട അന്വേഷണവും വിജയനെതിരെ നടക്കുന്നുണ്ട്. മൂവാറ്റുപുഴ സ്വദേശിനിയെ പാലാരിവട്ടത്ത് കൊണ്ട് വന്ന് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നേരിടുന്നത്. കേസിലെ പ്രതികളായ 13 പേരില്‍ നിന്ന് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അഞ്ച് ലക്ഷം രൂപ ഇരക്ക് നല്‍കിയ ശേഷം, ബാക്കി തുക സിഐ എടുത്ത് കേസ് ഒതുക്കിയെന്നുമാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here